ജിദ്ദ- സൗദി അറേബ്യയിലെ പ്രശസ്ത ഇവന്റ് ഗ്രൂപ്പായ ഗുഡ് ഹോപ് ഇവന്റ്‌സ് ജിദ്ദയിൽ ദ്വിദിന ഇന്ത്യൻ കൾച്ചറൽ നൈറ്റ് സംഘടിപ്പിക്കുന്നു. ഉസ്ഫാനിലെ ഇക്വസ്ട്രിയൻ സ്‌റ്റേഡിയത്തിൽ ഫെബ്രുവരി 2, 3 തീയതികളിലാണ് പരിപാടി. സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ ഇത്തരമൊരു ദ്വിദിന മെഗാ ഇവന്റ് ഇതാദ്യമായാണ് ജിദ്ദയിൽ നടത്തുന്നതെന്ന് ഗുഡ് ഹോപ് ചെയർമാൻ ജുനൈസ് ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി രണ്ടിന് വ്യാഴാഴ്ച രാത്രി ഒമ്പതിന് സൗത്ത് ഇന്ത്യൻ നൈറ്റിൽ മലയാള സിനിമാ താരം ദിലീപ്, ഗായകൻ എം.ജി ശ്രീകുമാർ, നാദിർ ഷാ, കോട്ടയം നസീർ, രഞ്ജിനി ജോസ്, അമൃതാ സുരേഷ്, ഫാസിലാ ബാനു, മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവർ അണിനിരക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിക്കും. രണ്ടാം ദിവസം ഫെബ്രുവരി 3 വെള്ളിയാഴ്ച രാത്രി ഒമ്പതിന് ബോളിവുഡ് നൈറ്റ് എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ പ്രസിദ്ധ ഗായകൻ കുമാർ സാനു, രചനാ ചോപ്ര എന്നിവർ നയിക്കുന്ന സംഗീത മേളയും മറ്റു കലാ പരിപാടികളും അരങ്ങേറുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടി പാസുകൾ മൂലം നിയന്ത്രിക്കും. പ്രവേശന പാസുകൾ ഓൺലൈനിലും നേരിട്ട് ഗുഡ് ഹോപ് പ്രതിനിധികളിലൂടെയും ലഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. കലാ ആസ്വാദകർക്ക് ആനന്ദകരമായ രീതിയിൽ പരിപാടികൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള ഇരിപ്പിടം, അവസാന ഇരിപ്പിടത്തിൽ ഇരിക്കുന്ന വ്യക്തിക്കും ശ്രവണ യോഗ്യമായ സൗണ്ട് സിസ്റ്റം, മികവുറ്റ സുരക്ഷാ ക്രമീകരണം എന്നീ സൗകര്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 500 റിയാലിന്റെ വി.വി.ഐ.പി ടിക്കറ്റ് എടുക്കുന്നവർക്ക് പ്രത്യേക പാർക്കിംഗ് സൗകര്യവും ഭക്ഷണവും ലഭ്യമാക്കുമെന്ന് ജുനൈസ് അറിയിച്ചു.
ഓരോ ടിക്കറ്റ് വിഭാഗത്തിലും ഭക്ഷണ ശാലകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0598810100, 0537785196, 0559832530 നമ്പറുകളിൽ ബന്ധപ്പെടാം. അഞ്ചപ്പാറ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഹിഫ്‌സുറഹ്മാൻ, ഉണ്ണി തെക്കേടത്ത്, ഹസൻ കൊണ്ടോട്ടി, റാഫി ബീമാപള്ളി എന്നിവരും പങ്കെടുത്തു.






