'മോളേ ഈ വള ഞാന്‍ എടുക്കുകയാണ്' ആറു വയസുകാരിയുടെ വള മോഷ്ടിച്ച കള്ളന്റെ മാന്യത കേട്ട് ഞെട്ടി പോലീസും വീട്ടുകാരും

കോഴിക്കോട്: കള്ളന്‍മാര്‍ പല തരക്കാരുണ്ട്. ആളുകളെ ശാരീരികമായി കീഴ്‌പ്പെടുത്തിയ ശേഷം ആക്രമിക്കുന്നവരാണ് ഒരു വിഭാഗം. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്ത്രത്തില്‍ മോഷ്ടിക്കുന്നവരാണ് മറ്റൊരു തരക്കാര്‍. ആറു വയസുകാരിയുടെ കൈയ്യില്‍ കിടന്ന വള മോഷ്ടിക്കുന്നതിന് മുന്‍പ് ഇത് വില്‍ക്കാനായി താന്‍ എടുക്കുകയാണെന്ന് മാന്യമായ ഭാഷയില്‍ കുട്ടിയോട് പറഞ്ഞ കള്ളനെത്തേടി അലയുകയാണ് പോലീസും വീട്ടുകാരും.  കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പെരുമ്പള്ളിയില്‍ ബൈക്കിലെത്തിയ മോഷ്ടാവാണ് ആറുവയസ്സുകാരിയുടെ സ്വര്‍ണവള മുറിച്ചെടുത്ത് കടന്നുകളഞ്ഞത്.  പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീന്‍-തസ്‌നി ദമ്പതിമാരുടെ മകള്‍ ആയിഷയുടെ കൈയിലുണ്ടായിരുന്ന മുക്കാല്‍പ്പവന്‍ തൂക്കം വരുന്ന സ്വര്‍ണവളയാണ് കവര്‍ന്നത്. തിങ്കളാഴ്ചയാണ് സംഭവം.  മദ്രസയില്‍ പോയി മടങ്ങുകയായിരുന്ന ആയിഷയെ, ചമല്‍ റോഡിലേക്കുള്ള ഭാഗത്തെ വളവില്‍ അങ്കണവാടിക്കരികില്‍വെച്ച് ബൈക്കിലെത്തിയ യുവാവ് സമീപിക്കുകയായിരുന്നു.

ഇരുനിറത്തില്‍ തടിച്ച ശരീരപ്രകൃതിയുള്ള യുവാവ് ഹെല്‍മെറ്റിന്റെ ഗ്ലാസ് ഉയര്‍ത്തിയാണ് ബാലികയോട് സംസാരിച്ചത്. 'മോളേ ഈ വള ഞാന്‍ എടുക്കുകയാണ്. വില്‍ക്കാന്‍ വേണ്ടിയാണ്' എന്നുപറഞ്ഞ് കൈയില്‍പ്പിടിച്ച് ആദ്യം വള ഊരിയെടുക്കാന്‍ ശ്രമിച്ചതായി ആയിഷ മാതാപിതാക്കളെ അറിയിച്ചു. വള ഊരാന്‍ സാധിക്കാതെ വന്നതോടെ പിന്നീട് കത്രികപോലുള്ള ആയുധമുപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. ഈ സമയം മദ്രസയില്‍നിന്ന് മടങ്ങുകയായിരുന്ന മറ്റു കുട്ടികളും പരിസരത്തുണ്ടായിരുന്നു. ബാലിക വീട്ടിലെത്തി ''ഒരു ഇക്കാക്ക വന്ന് വള വില്‍ക്കാന്‍ കൊണ്ടുപോയി'' എന്ന് അറിയിച്ചതോടെയാണ് വീട്ടുകാര്‍ കാര്യമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തസ്‌നിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News