ചെന്നൈ - ഫോണും കോളിങ് ബെല്ലുമെല്ലാം അടിച്ചെങ്കിലും ഉറക്കത്തിൽ ഭാര്യ അറിഞ്ഞില്ല. പിന്നാലെ വീടിന്റെ ചുമരിൽ പിടിച്ച് അകത്തുകടക്കാനുള്ള യുവാവിന്റെ ശ്രമം പിടിവിട്ട കാര്യവുമായി. പാതിരാത്രി ഞെട്ടിയുണർന്ന് ഭാര്യ, ഭർത്താവിനെ ഫോൺ ചെയ്തപ്പോൾ എടുക്കുന്നില്ല. പിന്നാലെ ഫോൺ വീടിനോട് ചേർന്ന് മുഴങ്ങുന്നു. പരിശോധിച്ചപ്പോഴാണ് നിലത്തുവീണ് കിടക്കുന്ന പ്രിയതമനെ കണ്ടത്. തമിഴ്‌നാട്ടിലെ ജോലാർപോട്ടിലെ തിരുപ്പത്തൂർ ലൈനിലാണ് സംഭവം.
സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായ നാട്ടാംപ്പള്ളിയിലെ ജി തെന്നരസു(30)വാണ് മരിച്ചത്. രാത്രി വൈകിയാണ് തെന്നരസു വീട്ടിലെത്തിയത്. കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ പുനിത (26) കേട്ടില്ല. ഫോൺ ചെയ്തപ്പോൾ എടുത്തതുമില്ല. പിന്നാലെ, രണ്ടാം നിലയിലെ വീട്ടിലേക്ക് ചുവരിൽ പിടിച്ചു കയറാനുള്ള ശ്രമത്തിനിടെ വഴുതി താഴെ വീഴുകയായിരുന്നു. രാത്രിയെപ്പോഴോ ഞെട്ടിയുണർന്ന ഭാര്യ തെന്നരസു എത്തിയില്ലെന്നറിഞ്ഞ് ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല. ഫോണിന്റെ മുഴക്കമാവട്ടെ വീടിനോട് ചേർന്നുണ്ടുതാനും. ഉടനെ ബന്ധുവിനെ വിളിച്ചുവരുത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പാവം വീണ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഇരുവർക്കും ഒരു വയസ്സുള്ള കുഞ്ഞുണ്ട്.
അതേമസമയം ഭാര്യയും രണ്ട് സുഹൃത്തുക്കളും ചേർന്ന് തെന്നരസുവിനെ കൊലപ്പെടുത്തിയതാണെന്ന് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
'സർക്കാർ തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നു, ലീഗ് നീതിക്കൊപ്പം; പോപ്പുലർ ഫ്രണ്ട് ജപ്തിയിൽ കെ.എം ഷാജി
മലപ്പുറം - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടലിൽ വിമർശവുമായി സംഘടനയുടെ നിത്യ എതിരാളികളിൽ ഒരാളും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജി. തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് സർക്കാർ നടപടി. പോപ്പുലർ ഫ്രണ്ടിനെതിരായ നടപടിയിൽ നീതി വേണമെന്നും ലീഗ് നീതിക്ക് വേണ്ടി ശബ്ദമുയർത്തുമെന്നും ഷാജി വ്യക്തമാക്കി. മലപ്പുറത്ത് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുമുതൽ നശിപ്പിച്ച എല്ലാവരുടെയും സ്വത്ത് കണ്ടുകെട്ടുമോയെന്നും ഷാജി ചോദിച്ചു. ഇപ്പോൾ എസ്.ഡി.പി.ഐയുടെ നേതാക്കന്മാർക്കും പ്രവർത്തകർക്കുമെതിരെ എടുക്കുന്ന നടപടി നേരാണെന്ന് കരുതുന്നുണ്ടോ? തീവ്രവാദത്തിന്റെ കനലിൽ വീണ്ടും എണ്ണയൊഴിക്കുകയാണ്. നിങ്ങൾ നീതിയാണോ കാണിക്കുന്നത്? ഒരു സുപ്രഭാതത്തിൽ അവരുടെ വീടുകളിൽ കയറി നിരപരാധിയായ അമ്മയും ഭാര്യയും മക്കളും നോക്കിനിൽക്കെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നോട്ടീസ് ഒട്ടിക്കുന്നത് സാർവത്രിക നീതിയാണോ?- ഷാജി ചോദിച്ചു.
അതിനിടെ, പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട് ഹൈകോടതി ഇന്ന് പരിഗണിച്ചേക്കും. ജപ്തി നടപടികൾ പൂർത്തിയാക്കിയ ശേഷം നൽകിയ റിപ്പോർട്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുക. ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി ചെയ്തതായാണ് ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലുള്ളത്. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവുമധികം സ്വത്ത് ജപ്തി ചെയ്തത്. ഹർത്താലിന് അഞ്ചുമാസം മുമ്പേ കൊല്ലപ്പെട്ട പി.എഫ്.ഐ പ്രവർത്തകൻ പാലക്കാട് സ്വദേശി സുബൈറിന്റെ പേർ പട്ടികയിൽ ഉൾപ്പെട്ടതിൽ സർക്കാർ കോടതിയിൽ വിശദീകരണവും നൽകേണ്ടിവരും.