ടൂറിസം മേഖലയില്‍ വന്‍കുതിപ്പിനൊരുങ്ങി സൗദി; റിയാദില്‍ 5,000 കോടി റിയാലിന്റെ ഹോട്ടലുകള്‍ വരുന്നു

റിയാദ് - 2026 വരെയുള്ള കാലത്ത് റിയാദില്‍ 5,000 കോടി റിയാല്‍ നിക്ഷേപങ്ങളോടെ പുതിയ ഹോട്ടലുകള്‍ നിര്‍മിക്കാന്‍ സ്വകാര്യ മേഖലയുമായി ടൂറിസം മന്ത്രാലയം കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. 2030 വരെയുള്ള കാലത്ത് സൗദിയില്‍ ഏഴു ലക്ഷം ഹോട്ടല്‍ മുറികള്‍ നിര്‍മിക്കുമെന്നും രണ്ടാമത് റിയല്‍ എസ്റ്റേറ്റ് ഫ്യൂച്ചര്‍ ഫോറത്തില്‍ പങ്കെടുത്ത് ടൂറിസം മന്ത്രി പറഞ്ഞു. സിന്ദാല ദ്വീപ് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ടൂറിസ്റ്റുകളെ സ്വീകരിച്ചു തുടങ്ങും.
അടുത്ത കൊല്ലം ചെങ്കടലില്‍ മൂന്നു റിസോര്‍ട്ട് പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ നിക്ഷേപകര്‍ക്ക് ടൂറിസം മന്ത്രാലയം 60 ശതമാനം വരെ വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. ഭൂപ്രകൃതിയുടെ വൈവിധ്യം സൗദി ടൂറിസം മേഖലയെ വേറിട്ടുനിര്‍ത്തുന്നു. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് ടൂറിസം മേഖല 7,000 കോടി ഡോളര്‍ മുതല്‍ 8,000 കോടി ഡോളര്‍ വരെ സംഭാവന ചെയ്യും. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായി ഉയര്‍ത്താനും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് ടൂറിസം മേഖലാ വികസനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
കൊറോണ മഹാമാരിക്കു മുമ്പ് 2019 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനമായിരുന്നു. കഴിഞ്ഞ കൊല്ലം ഇത് നാലു ശതമാനമായി ഉയര്‍ന്നതായും ടൂറിസം മന്ത്രി പറഞ്ഞു.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് ഫ്യൂച്ചര്‍ ഫോറം മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി എന്‍ജിനീയര്‍ മാജിദ് അല്‍ഹുഖൈല്‍ ആണ് ഉദ്ഘാടനം ചെയ്തത്. മുപ്പതിലേറെ രാജ്യങ്ങള്‍ ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ മേഖലാ പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും റിയല്‍ എസ്റ്റേറ്റ് വിദഗ്ധരും അടക്കം 100 ലേറെ പേര്‍ ഫോറത്തില്‍ സംസാരിക്കും.

 

Latest News