ജിദ്ദ- ഇസ്‌ലാമിന്റെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്ന ഇസ്‌ലാമിക് ആർട്‌സ് ബിനാലെക്ക് ജിദ്ദ ഐക്കണിക് ഹജ് ടെർമിനലിൽ തുടക്കമായി. ഏപ്രിൽ 23 വരെ തുടരുന്ന ബിനാലെ ദിരിയ ബിനാലെ ഫൗണ്ടേഷനാണ് (ഡി.ബി.എഫ്) സംഘടിപ്പിക്കുന്നത്. അവ്വൽ ബൈത്ത് (പ്രഥമ ഗേഹം) എന്ന പ്രമേയത്തിലാണ് ബിനാലെ. കഅബയും മദീനയിലെ പ്രവാചകന്റെ പള്ളിയും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് അവരുടെ സ്വന്തം വീടാകുന്നത് എങ്ങിനെ എന്നതാണ് പ്രമേയത്തിന്റെ വിശദീകരണം.

ഇൻഡോർ, ഔട്ട്‌ഡോർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായാണ് ബിനാലെ ക്രമീകരിച്ചിരിക്കുന്നത്. ഇൻഡോർ ഇൻസ്റ്റലേഷനുകൾ ഖിബ്‌ല (വിശുദ്ധ ദിശ) കേന്ദ്രീകരിച്ചായിരിക്കും. ഔട്ട്‌ഡോർ ഇൻസ്റ്റലേഷനുകൾ പ്രവാചകന്റെ മക്കയിൽനിന്നുള്ള മദീനയിലേക്കുള്ള പലായനം അടിസ്ഥാനമാക്കിയാണ്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കലയും സർഗാത്മകതയുമാണ് ബിനാലെ ലക്ഷ്യമിടുന്നത്. ഇസ്‌ലാമിന്റെ ഭൂതകാലത്തിനും വർത്തമാനത്തിനുമൊപ്പം പാരമ്പര്യങ്ങളുടെയും ആധുനികതയുടെയും മിശ്രിതം കൂടിയാകും ബിനാലെ. സൗദി കലാകാരന്മാരായ അഹമ്മദ് മേറ്റർ, സുൽത്താൻ ബിൻ ഫഹദ്, ഈജിപ്ഷ്യൻ ആർട്ടിസ്റ്റ് ഹുദ ലുത്ഫി, ഇറാനിയൻ വംശജനായ ഷാപൂർ പൗയാൻ എന്നിവരുൾപ്പെടെ 44 കലാകാരന്മാർ ബിനാലെയുടെ ഭാഗമാകും.
കഅബയിൽനിന്നും മദീനയിലെ പ്രവാചകന്റെ മസ്ജിദിൽനിന്നും പ്രചോദനം ഉൾക്കൊണ്ട ബിനാലെയിൽ ഇസ്‌ലാമിക കലകൾക്ക് സംഭാവന നൽകിയ ഏറ്റവും പ്രശസ്തമായ ചില പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. വാഷിംഗ്ടൺ ഡി.സിയിലെ സ്മിത്‌സോണിയൻ, ലണ്ടനിലെ വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയം, എഗ്‌ലാൻഡിലെ വിക്ടോറിയ, ആൽബർട്ട് മ്യൂസിയം എന്നിവയിൽനിന്നുള്ളവർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രശസ്തരാണ് ഉദ്ഘാടന ഇസ്‌ലാമിക് ആർട്‌സ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. 70,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പ്രദർശന സ്ഥലങ്ങൾ, തിയേറ്റർ, മോസ്‌ക്ക്, വർക്ക്‌ഷോപ്പുകൾ, പ്രോഗ്രാമിംഗിനായി സമർപ്പിച്ചിരിക്കുന്ന ക്ലാസ് മുറികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് ഇസ്‌ലാമിക് ബിനാലെക്ക് തുടക്കമായത്. മൂല്യങ്ങളിലും വിശ്വാസത്തിലും ബന്ധപ്പെട്ടിരിക്കുമ്പോൾ തന്നെ, വംശത്തിനും ഭൂമിശാസ്ത്രത്തിനും അതീതമായ ഒരു ബന്ധം പങ്കിടാൻ കഴിയുന്നത് സവിശേഷമാണെന്ന് ബിനാലെയുടെ കലാസംവിധായിക സുമയ്യ വാലി പറഞ്ഞു.
ജൂലിയൻ റാബി, സാദ് അൽ റഷീദ്, ഒമ്‌നിയ അബ്ദുൽ ബാർ എന്നിവരാണ് സഹ ക്യൂറേറ്റർമാർ. ഇസ്‌ലാമിക് ബിനാലെ, ഒരു സാധാരണ ബിനാലെയോ ഒരു സാധാരണ ഇസ്‌ലാമിക കലാപ്രദർശനമോ അല്ലെന്നും ഘടനാപരമായ ദൃശ്യാവിഷ്‌കാരമാണെന്നും നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റിയൂഷന്റെ ഡയറക്ടർ ജൂലിയൻ റാബി പറഞ്ഞു.
ഇരുട്ടിൽനിന്ന് ആരംഭിച്ച് വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രദർശനമാണ് ബിനാലെയുടെ മൊത്തം ആശയം. ഒന്നാമത്തെ ഇൻസ്റ്റലേഷൻ ഇരുണ്ട ഇടത്തേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.

കഅ്ബയുടെ ഉള്ളിലൂടെ നടന്നുപോകുന്ന പ്രതീതി സമ്മാനിക്കും. പ്രപഞ്ചമാകെ ചുറ്റിപ്പിണഞ്ഞു നിൽക്കുന്ന തരത്തിലുള്ള അനുഭവമാണ് സമ്മാനിക്കുന്നത്. ബാങ്ക് വിളിയും അംഗസ്‌നാനം ചെയ്യുന്നതുമായ ഇൻസ്റ്റലേഷനിലൂടെയാണ് തുടക്കം. വിവിധ രാജ്യങ്ങളിൽനിന്നും വിവിധ സമയങ്ങളിലുള്ള ബാങ്കു വിളി നേർത്ത ശബ്ദത്തിൽ ഒന്നിച്ചു കേൾക്കാനാകും.






