ജുബൈലില്‍ മലയാളിയെ കുത്തിക്കൊന്ന പ്രതിക്ക് മാനസിക അസ്വസ്ഥത, സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ച് ആശുപത്രിയില്‍

ജുബൈല്‍- സൗദിയില്‍ രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉച്ചമയക്കത്തിലായിരുന്ന മലയാളിയെ കുത്തിക്കൊന്നയാള്‍ക്ക് മാനസിക രോഗമെന്ന് സൂചന. ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ, പ്രതിയായ സഹപ്രവര്‍ത്തകന്‍ തമിഴ്‌നാട് സ്വദേശി മഹേഷ് (45) ജീവനൊടുക്കാന്‍ ശ്രമിച്ചു.

ജുബൈലില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന മഹേഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു.

പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു.

മുഹമ്മദലിയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മഹേഷ് പോലീസിനോട് പറഞ്ഞു. തമിഴ്‌നാട് ചെന്നൈ സ്വദേശിയായ മഹേഷ് അഞ്ചു വര്‍ഷമായി ഇതേ കമ്പനിയില്‍ മെഷീനിസ്റ്റായി ജോലി ചെയ്യുകയാണ്. ഒരാഴ്ചയായി ഇയാള്‍ക്ക് രക്ത സമ്മര്‍ദം അധികരിക്കുകയും ചില അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട മുഹമ്മദലിയെയും മഹേഷിനെയും കൂടാതെ മറ്റൊരാള്‍ കൂടി ഇവരുടെ മുറിയില്‍ താമസിക്കുന്നുണ്ട്. സംഭവസമയം അദ്ദേഹം ഡ്യൂട്ടിയില്‍ ആയിരുന്നു

താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്‍മക്കളുണ്ട്. കമ്പനി അധികൃതരും ജുബൈലിലെ സന്നദ്ധ പ്രവര്‍ത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈല്‍ ജനറല്‍ ആശുപത്രിയിലെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

 

Latest News