Sorry, you need to enable JavaScript to visit this website.

അതിശൈത്യത്തിൽ ഉൽപാദനം കുറഞ്ഞു; തേയില വില കൂടി

തേയില തോട്ടം മേഖല അതിശൈത്യത്തിന്റെ പിടിയിൽ. ഉൽപാദനം കുറഞ്ഞത് വിലക്കയറ്റത്തിന് അവസരമൊരുക്കി. ഏലക്ക പ്രവാഹം ശക്തമെങ്കിലും ശരാശരി ഇനങ്ങളുടെ വില ഉയർന്നു. ഉത്തരേന്ത്യൻ ആവശ്യം കുരുമുളകിന് താങ്ങായി. വ്യവസായികൾ റബർ വില ഉയർത്തി. നാളികേരോൽപന്ന വിലയിൽ മാറ്റമില്ല. റെക്കോർഡ് പുതുക്കാൻ പവൻ വെമ്പൽ കൊള്ളുന്നു. 
ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് ശൈത്യം വ്യാപിച്ചതോടെ മലനിരകളിൽ തണുപ്പിന് കാഠിന്യമേറി. രാത്രിയിലെ കൊടുംതണുപ്പും മഞ്ഞുവീഴ്ചയ്ക്കും മുന്നിൽ പിടിച്ചു നിൽക്കാൻ തേയില കൊളുന്തുകൾ ക്ലേശിക്കുന്നു. പകൽ സമയത്തെ ഉയർന്ന താപനിലയിൽ ഇലകൾ കരിഞ്ഞ് ഉണങ്ങുന്ന അവസ്ഥയാണ്. 2019 ന് ശേഷം തോട്ടം മേഖലയിൽ ഇത്ര കനത്ത തണുപ്പ് ആദ്യമാണ്. പല അവസരത്തിലും രാത്രി താപനില പൂജ്യം ഡിഗ്രിയിലേയ്ക്ക് താഴ്ന്നു. ബഹുരാഷ്ട്ര കമ്പനികളുടെ ഏക്കർ കണക്കിന് തേയില തോട്ടങ്ങളിൽ കൊളുന്ത് നുള്ള് പുർണമായി സ്തംഭിച്ചു. ചെറുകിട കർഷകരും തോട്ടങ്ങളിൽ നിന്നും അകന്നു. മൂന്നാർ, നീലഗിരി മേഖലയിൽ തേയില ഉൽപാദനം 15-20 ശതമാനം വരെ കുറയാം. കൂന്നുരിൽ ഉൽപാദനം 25 ശതമാനം ഇടിയാൻ സാധ്യത. 


ലേലത്തിന് എത്തുന്ന തേയിലയിൽ വലിയോരു പങ്ക് വിറ്റഴിയുന്നുണ്ട്. വിവിധയിനങ്ങൾ കിലോ രണ്ട് മുതൽ നാല് രൂപ വരെ ഓരോ ആഴ്ചയും ഉയരുന്നു. വിദേശത്ത് നിന്നും ഓർഡറുകളുണ്ട്. റഷ്യയും ഉക്രൈനും പോളണ്ടുമെല്ലാം ദക്ഷിണേന്ത്യൻ തേയിലയിൽ താൽപര്യം നിലനിർത്തി. ശ്രീലങ്കൻ പ്രതിസന്ധിയാണ് പല രാജ്യങ്ങളെയും ഇറക്കുമതി ഇന്ത്യയിലേക്ക് അടുപ്പിച്ചത്. 
ഏലം വിളവെടുപ്പ് അവസാനിക്കുന്നു. ബംബർ വിളവ് സമ്മാനിച്ച സീസണിന് കേരളം വിട പറയുകയാണ്. ഉൽപാദനം ഉയർന്നതിനാൽ ലേല കേന്ദ്രങ്ങളിൽ ഏലക്ക പ്രവാഹം തുടരുന്നു.  ഫെബ്രുവരി ഓഗസ്റ്റ് ഓഫ് സീസണായതിനാൽ മുന്നിലുള്ള മാസങ്ങളിൽ വില ഉയരുമെന്നാണ് കാർഷിക മേഖലയുടെ വിലയിരുത്തൽ. വിദേശ ഓർഡറുണ്ടെങ്കിലും കയറ്റുമതിക്കാർ നിരക്ക് അമിതമായി ഉയർത്തുന്നില്ല, ആഭ്യന്തര ഡിമാന്റ് ശക്തമാണ്. വിളവെടുപ്പ് പൂർത്തിയായതോടെ ജനുവരി പത്തിന് ശേഷം നടന്ന ഏതാണ്ട് എല്ലാ ലേലങ്ങളിലും ശരാശരി ഇനം ഏലക്ക കിലോ 1000 രൂപക്ക് മുകളിൽ കൈമാറി. മികച്ചയിനങ്ങൾ കിലോ 1630-1756 രൂപയിലാണ്.  


ഉത്തരേന്ത്യൻ ഡിമാന്റ് കുരുമുളക് വില ഉയർത്തി. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള മുളക് വരവ് കുറഞ്ഞത് വില ഉയർത്താൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. വയനാടൻ മുളക് 50,000 രൂപയിലും വയനാടൻ ചേട്ടൻ 49,000 രൂപയിലുമാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 49,100 രൂപ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6500 ഡോളർ. 
കേരളത്തിലും തമിഴ്‌നാട്ടിലും മഞ്ഞൾ വിളവെടുപ്പ് പുരോഗമിക്കുന്നു. ആഭ്യന്തര ഔഷധ വ്യവസായികൾ കുർക്കുമിൻ അംശം ഉയർന്ന മഞ്ഞൾ ശേഖരിച്ചു. എണ്ണയുടെ അംശം ഉയർന്ന മഞ്ഞളിന് സത്ത് നിർമാതാക്കളിൽ നിന്നും ഡിമാന്റുണ്ട്. കൊച്ചിയിൽ ഈറോഡ്, സേലം മഞ്ഞൾ 8800-9000 രൂപ. 


ആഭ്യന്തര മാർക്കറ്റിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും ജാതിക്ക, ജാതിപത്രി തുടങ്ങിയവക്ക് ഡിമാന്റ്. മധ്യകേരളത്തിൽ ചരക്ക് വരവ് ചുരുങ്ങിയത് വാങ്ങൽ താൽപര്യം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കയറ്റുമതി സമൂഹത്തിന് ഒപ്പം ആഭ്യന്തര ഔഷധ, കറി മസാല നിർമാതാക്കളും രംഗത്ത് ഉള്ളത് വിപണിക്ക് നേട്ടമായി. 
കേരളത്തിൽ സ്വർണ വില വീണ്ടും വർധിച്ചു. പവൻ 41,600 രൂപയിൽ നിന്നും 41,880 വരെ മുന്നേറിയ ഘട്ടത്തിൽ വിപണി 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ 42,000 പവൻ മറികടക്കുമെന്ന നിലയിലായിരുന്നു. ഇതിനിടയിൽ രൂപയുടെ മൂല്യം ഉയർന്നതും രാജ്യാന്തര സ്വർണ വില അൽപം താഴ്ന്നതും മൂലം ശനിയാഴ്ച പവൻ വില 41,800 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് വില 5225 രൂപ.  

Latest News