Sorry, you need to enable JavaScript to visit this website.

ഇൻഡക്‌സുകൾ തുടർച്ചയായ രണ്ടാം വാരവും തിളക്കത്തിൽ

ഇന്ത്യൻ ഇൻഡക്‌സുകൾ തുടർച്ചയായ രണ്ടാം വാരവും തിളക്കമാർന്ന പ്രകടനത്തിലുടെ  നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. തൊട്ട് മുൻവാരത്തിലെ പോലെ തന്നെ സെൻസെക്‌സ് മുന്നേറിയത് കൃത്യം 360 പോയന്റ്. അതേ സമയം നിഫ്റ്റി സൂചിക 71 പോയന്റ് മികവിലാണ്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്, യുഎസ് ഫെഡ് റിസർവും അടുത്ത മാസം യോഗം ചേരും. വിപണി മുന്നിലുള്ള പുതിയ സംഭവ വികാസങ്ങളുടെ വരവിനെ കാത്തു നിൽക്കുകയാണ്.  
 ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17,956 ൽ ട്രേഡിങ് ആരംഭിച്ച തുടക്കത്തിൽ 17,853 ലേക്ക് ഇടിഞ്ഞ ശേഷമുളള തിരിച്ചുവരവിൽ മുൻവാരം സൂചിപ്പിച്ച 18,140 ലെ ആദ്യ തടസ്സം വ്യാഴാഴ്ച മറികടന്ന് 18,180 വരെ കയറി. ഈ കുതിപ്പിന് പിന്നിൽ 400 കോടി രൂപയുടെ ബയ്യിങിന് വിദേശ ഫണ്ടുകൾ കാണിച്ച ഉത്സാഹം ഒന്ന് മാത്രമാണ്. എന്നാൽ തൊട്ട് അടുത്ത ദിവസം അവർ 2002 കോടി രൂപയുടെ വിൽപനയിലുടെ നിഫ്റ്റിയെ 18,027 പോയന്റിലേയ്ക്ക് തളർത്തി. വിപണിയെ സാങ്കേതികമായി വീക്ഷിച്ചാൽ ഈ വാരം 17,859 ലെ  സപ്പോർട്ട് നിലനിർത്തി 18,189 പോയന്റിലേയ്ക്ക് തിരിച്ച് വരവിന് ശ്രമിക്കാം. പ്രീബജറ്റ് റാലിക്ക് ഒരുങ്ങിയാൽ കുതിപ്പ് 18,313 ലേയ്ക്ക് നീളും. നിഫ്റ്റിയുടെ രണ്ടാം താങ്ങ് 17,691 പോയന്റിലാണ്. ടെക്‌നിക്കൽ ഇൻഡിക്കേറ്ററുകളുടെ നീക്കങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെന്റ് സെല്ലിങ് മൂഡിലും പാരാബോളിക് എസ് എ ആർ ബയ്യിങിനും അനുകൂലമാണ്. 
സെൻസെക്‌സ് 60,261 ൽ നിന്നും 59,962 പോയന്റിലേക്ക് തളർന്ന ശേഷമുള്ള റാലിയിൽ 61,113 ലേക്ക് ഉയർന്നു. വിപണിയിലെ ഉണർവിനിടയിൽ മുൻനിര ഓഹരികളിൽ അലയടിച്ച വിൽപന തരംഗം സൂചികയെ വാരാന്ത്യം 60,621 പോയന്റിലേക്ക് താഴ്ത്തി.  60,018 ലെ സപ്പോർട്ട് നിലനിർത്തി 61,168 ലെ ആദ്യ പ്രതിരോധം തകർക്കാനുള്ള നീക്കം വിജയിച്ചാൽ ലക്ഷ്യം 61,715 പോയന്റായി മാറും. വിപണിയുടെ താങ്ങ് 59,415 റേഞ്ചിലാണ്.  
ബജറ്റിൽ രൂപക്ക് അനുകൂല നിർദേശങ്ങളുണ്ടായാൽ വിനിമയ നിരക്ക് നടപ്പുവർഷം 78.43 വരെ കരുത്തു നേടാൻ ഇടയുണ്ട്. എന്നാൽ കയറ്റുമതി മേഖലയുടെ താളം നഷ്ടപ്പെടുന്ന നീക്കങ്ങൾക്ക് റിസർവ് ബാങ്കും വാണിജ്യ മന്ത്രാലയവും പച്ചക്കൊടി ഉയർത്താൻ ഇടയില്ല.  
പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ രൂപയുടെ മുഖം മിനുക്കാൻ ധനമന്ത്രാലയം ബജറ്റ് അവസരമാക്കാം. ഒക്ടോബറിൽ 83.30 ൽ  റെക്കോർഡ് തകർച്ചയെ അഭിമുഖീകരിച്ച രൂപ ഇതിനകം 223 പൈസയുടെ കരുത്ത് തിരിച്ചു പിടിച്ചു. പോയവാരം മൂല്യം 81.34 ൽ നിന്നും 81.07 വരെ വെളളിയാഴ്ച ശക്തിപ്രാപിച്ച ശേഷം 81.14 ലാണ്. നിലവിൽ രൂപയ്ക്ക് 80.47-80.16 ൽ തടസ്സമുണ്ട്. 
ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങൾ ഓഹരി വാങ്ങലുകാരാണ്, പിന്നിട്ട വാരം 3513 കോടി രൂപ നിക്ഷേപിച്ചു. ഈ മാസം ഇതിനകം അവർ വാരിക്കൂട്ടിയത് 13,556 കോടി രൂപയുടെ ഓഹരികളാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞ വാരം രണ്ട് ദിവസങ്ങളിലായി 611 കോടി രൂപയുടെ ഓഹരി വാങ്ങിയെങ്കിലും മറ്റു ദിവസങ്ങളിൽ അവർ 3072 കോടി രൂപയുടെ വിൽപന നടത്തി. 
ഡോളർ അഭിമുഖീകരിക്കുന്ന ദുർബലാവസ്ഥ മുൻനിർത്തി ആഗോള തലത്തിൽ ഫണ്ടുകൾ നിക്ഷേപം ക്രൂഡ് ഓയിലേക്ക് തിരിക്കാൻ ഉത്സാഹിച്ചു. ജനുവരി ആദ്യം ബാരലിന് 72 ഡോളറിൽ നീങ്ങിയ എണ്ണ വില ഇതിനകം 87 ഡോളറിലെത്തി. വിപണിക്ക് 91.19 ഡോളറിൽ പ്രതിരോധമുണ്ട്.    
ന്യൂയോർക്കിൽ സ്വർണം കൂടുതൽ തിളങ്ങി. ട്രോയ് ഔൺസിന് 1920 ഡോളറിൽ നിന്നും 1938 ഡോളറിലെത്തി. വാരാന്ത്യം 1926 ഡോളറിൽ നിലകൊള്ളുന്ന സ്വർണത്തിന് ഈ വാരം 1919-1911 ഡോളറിൽ താങ്ങും 1945-1962 ൽ പ്രതിരോധവുമുണ്ട്. 

Latest News