ജസീന്തയും നമ്മുടെ വി.വി.ഐ.പിമാരും

 

കോഴിക്കോട് ബീച്ചിൽ നിന്നും കല്ലായ് റോഡെന്നറിയപ്പെടുന്ന പഴയ മദിരാശി ട്രങ്ക് റോഡിലേക്കെത്താനുള്ള പാതയിലെ മേൽപാലത്തിന് പേര് എ.കെ.ജി ഓവർ ബ്രിഡ്‌ജെന്നാണ്. ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന പാവങ്ങളുടെ പടത്തലവൻ എ.കെ. ഗോപാലന്റെ പേരിലുള്ള സാമൂതിരി നഗരത്തിലെ പ്രധാന സ്മാരകം. ഇന്നലെ കാലത്ത് 9 മണിയോടെ ഈ വീഥിയോട് ചേർന്നുള്ള ഇടിയങ്ങര മാർക്കറ്റിലെ പഴക്കടയിൽ നിൽക്കുകയായിരുന്നു. മഞ്ഞു വിട്ടൊഴിയാത്ത പ്രഭാതമായതിനാൽ ഒരിടത്തും വലിയ തിരക്കില്ല, ശബ്ദകോലാഹലങ്ങളുമില്ല. അപ്പോഴതാ ഇടിമുഴക്കത്തോടെ പോലീസിന്റെ വാഹന വ്യൂഹം കടന്നു വരുന്നു. പൈലറ്റ് വാഹനങ്ങളിൽ നിന്നുള്ള സൈറണുകൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നാലെ നിരവധി പോലീസ് വാഹനങ്ങൾ. കൺട്രോൾ റൂമിന്റെയും അല്ലാത്തതിന്റേതുമായ ഡസനോളം വണ്ടികൾ. കേരള സ്‌റ്റേറ്റ് വി.വി.ഐ.പി എന്നെഴുതിയ പ്രധാന വാഹനം മിന്നിമാഞ്ഞതിനാൽ അതിന്റെ നമ്പർ വ്യക്തമായില്ല. അപായ ശബ്ദം മുഴക്കി അഗ്നിശമന സേനയുടെ വാഹനവും ആംബുലൻസുമെല്ലാം ഇതിലുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ അതിമനോഹര ദൃശ്യം.

കടന്നു പോയ വി.വി.ഐ.പി ആരോ ആയ്‌ക്കൊള്ളട്ടെ. ഇദ്ദേഹത്തിന്റെയൊക്കെ ജീവന് ഭീഷണിയാവുന്നവൻ ഏതായാലും റോഡരികിൽ കണ്ട ആ സാധു പഴക്കച്ചവടക്കരനോ, മാർക്കറ്റിന് പുറത്ത് കല്ലുമ്മക്കായ വിറ്റ് ഉപജീവനം തേടുന്ന ആളോ ആകാനിടയില്ല. മലയാളികൾക്ക് ഇത്തരം ദൃശ്യങ്ങളിൽ ഇപ്പോൾ പുതുമ തീരെ ഇല്ലാതായിരിക്കുന്നു. ഭാഗ്യത്തിന് വലിയ അപകടങ്ങളൊന്നുമുണ്ടാവുന്നില്ലെന്ന് മാത്രം. പണ്ട് കെ. കരുണാകരൻ മുഖ്യമന്ത്രിയായ വേളയിൽ അദ്ദേഹത്തിന്റെ സ്പീഡായിരുന്നു എല്ലായിടത്തും ചർച്ച വിഷയം. ഏതായാലും നമ്മെ ഭരിക്കുന്നവർ  പറന്നു കൊണ്ടേയിരിക്കും. അതവരുടെ ഇഷ്ടവും സ്വാതന്ത്ര്യവും. ജനം വോട്ട് ചെയ്ത് തെരഞ്ഞെടുത്തതല്ലേ, അല്ലാതെ ഓടിളക്കി വന്നതൊന്നുമല്ലല്ലോയെന്ന് ന്യായീകരണക്കാർക്ക് പറയുകയുമാവാം. 
കോഴിക്കോട് നഗരത്തിൽ കുതിക്കുന്ന അത്യുന്നതന്റെയും അകമ്പടി വാഹനങ്ങളുടെയും  കാഴ്ച കണ്ടപ്പോഴാണ് പിന്നിട്ട വാരത്തിൽ ലോകത്തെ ഞെട്ടിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേനെ ഓർത്തുപോയത്. വ്യാഴാഴ്ച രാവിലെ അവർ പ്രഖ്യാപിച്ചു- ഞാനിതാ ന്യൂസിലൻഡ് പ്രധാനമന്ത്രി പദം രാജിവെച്ചൊഴിയുന്നു. ഇനി ഒട്ട് തെരഞ്ഞെടുപ്പിൽ നിൽക്കാനുമില്ല. യഥാർഥത്തിൽ അവരുടെ ഭരണ കാലാവധി അവസാനിക്കാൻ ഇനിയും കാലമുണ്ട്. ആഗോള തലത്തിലെ ജനപ്രീതി വെച്ചു നോക്കുമ്പോൾ ഈസിയായി ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ തിരിച്ചു കയറി വരികയുമാവാം. 
ഒരു സമ്പന്ന രാജ്യത്തെ ഏറ്റവും വലിയ അധികാര സ്ഥാനത്തിന്റെ സുഖസൗകര്യങ്ങൾ ആസ്വദിക്കുകയുമാവാം. 


'തന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചര വർഷമായിരുന്നു ഇതെന്ന് ജസീന്ത പറഞ്ഞു. ഈ സമയത്ത് ഏറെ വെല്ലുവിളികൾ നേരിട്ടിരുന്നെന്നും ജസീന്ത  പറയുന്നു. ഞാൻ ഒരു മനുഷ്യനാണ്, എല്ലാ രാഷ്ട്രീയക്കാരും മനുഷ്യരാണ്. ഞങ്ങൾക്ക് കഴിയുന്നിടത്തോളം കാലം ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുന്നു. ഇപ്പോൾ സമയമായി. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ശരിയായ സമയം. വേനൽ അവധിക്കാലത്ത് തനിക്ക് ഈ പദത്തിൽ തുടരാനുള്ള ഊർജമുണ്ടോ എന്ന് ചിന്തിച്ചിരുന്നു. എത്തില്ലെന്ന നിഗമനത്തിൽ എത്തിയതോടെയാണ് ഈ തീരുമാനമെന്നും ജസീന്ത പറഞ്ഞു. 
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ജസീന്ത. 2017 ൽ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോൾ ജസീന്തക്ക് പ്രായം 37 ആയിരുന്നു.  ലേബർ പാർട്ടിയെ വമ്പൻ ഭൂരിപക്ഷത്തിലേക്ക് എത്തിച്ച പ്രധാനമന്ത്രിയായിരുന്നു അവർ. 1996 ന് ശേഷം ന്യൂസിലാൻഡിൽ ആദ്യമായാണ് ഒരു കക്ഷി ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയെടുത്തത്. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കോവിഡ്, ക്രൈസ്റ്റ് ടൗൺ മസ്ജിദിലെ ഭീകരാക്രമണം തുടങ്ങിയ പല പ്രതിസന്ധി സമയത്തും ഭരണ സിരാകേന്ദ്രം കൃത്യതയോടെ മുന്നോട്ടു കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞിരുന്നു. ന്യൂസിലൻഡിലും ഈ കാലഘട്ടത്തിന്റെ പ്രതിഭാസമായ വലതുപക്ഷ തീവ്രവാദികളേറെയുണ്ട്. പള്ളിയിൽ ഭീകരാക്രമണമുണ്ടായപ്പോൾ അതിനൊക്കെ ഉത്തരവാദി യാതൊരു നിയന്ത്രണവുമില്ലാതെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചവരാണെന്ന് പറഞ്ഞ് ഭരണകൂടത്തെ വിമർശിച്ചവരാണിവർ. ഇന്ത്യ, തുർക്കി, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയ ധാരാളം പ്രവാസികൾ ഈ രാജ്യത്തുണ്ട്. 


51 മുസ്‌ലിംകൾ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2019 ലെ ക്രൈസ്റ്റ് ചർച്ച് മസ്ജിദ് കൂട്ടക്കൊല സംയമനത്തോടെ കൈകാര്യം ചെയ്തതിന് ജസീന്തക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു. ഹിജാബ് അണിഞ്ഞ് അസ്സലാമു അലൈക്കും പറഞ്ഞ് ഈദാശംകളർപ്പിക്കാൻ പള്ളിയിലെത്തിയ അവരെ മറക്കുന്നതെങ്ങനെ? പള്ളിയിൽ കൂട്ടക്കൊല നടത്തിയവന്റെ ഫേസ്ബുക്ക് ലൈവ് അപ്പോൾ തന്നെ നിർത്തിക്കാനും സാധിച്ചു. വൈറ്റ് ഐലൻഡ് അഗ്‌നിപർവത സ്‌ഫോടനം കൈകാര്യം ചെയ്യാൻ അവർ നൽകിയ നിർണായക നേതൃത്വവും  പരക്കെ പ്രശംസിക്കപ്പെട്ടു. 
ബ്രിട്ടീഷ് വോഗിന്റെയും ടൈം മാഗസിന്റെയും കവറുകളിൽ ജസീന്ത ഇടംപിടിച്ചത് അവർക്ക്  അന്താരാഷ്ട്ര തലത്തിൽ ജനപ്രീതി നേടിയെന്നതിന് തെളിവായി. 


ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രമേധാവി എന്നതിനപ്പുറം ന്യൂസിലൻഡിന്റെ മാനുഷിക മുഖം കൂടിയായിരുന്നു ജസീന്ത ആർഡേൻ. രാഷ്ട്രപദവിയിലിരിക്കേ അമ്മയാകുന്ന രണ്ടാമത്തെ വനിത നേതാവ് കൂടിയായിരുന്നു അവർ. രണ്ട് വട്ടം പാക്കിസ്ഥാൻ പ്രധാനമന്ത്രിയായ ബേനസീർ ഭൂട്ടോയാണ് അധികാരത്തിലിരിക്കേ കുഞ്ഞിന് ജന്മം നൽകിയ ആദ്യ നേതാവ്. 
2018 ജനുവരി 19 ന് താൻ ഗർഭിണി ആണെന്ന് ജസീന്ത  സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ടു.  ഞാൻ പ്രധാനമന്ത്രിയും അമ്മയും ആകുന്നു എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. പ്രസവത്തിന് ശേഷം ആറാഴ്ച ആക്ടിങ് പ്രധാനമന്ത്രിയാകണമെന്ന് ജസീന്ത ഉപ പ്രധാനമന്ത്രി വിൻസൺ പീറ്റേഴ്‌സിനോട്  ആവശ്യപ്പെട്ടിരുന്നു. പാർലമെന്റിലും യു.എന്നിലും കൈക്കുഞ്ഞുമായെത്തിയ ജസീന്ത ശ്രദ്ധാകേന്ദ്രമായി. 
ജസീന്ത ഒഴിഞ്ഞു മാറുന്നതിന്റെ കാരണമാണ് ബഹുരസം. അടുത്ത പത്ത് തലമുറയ്ക്ക് സുഭിക്ഷമായി കഴിയാനുള്ള വകയുണ്ടാക്കിയല്ല പിന്മാറ്റം. മക്കളെയോ മരുമക്കളെയോ പ്രധാനമന്ത്രിയാക്കാൻ ചരടുവലിക്കാനൊന്നും അവർ നിന്നിട്ടില്ല. മകളെ സ്‌കൂളിൽ ചേർക്കാനായി. പാർട്ണർ ക്ലാർക്ക് ഗെഫോർഡുമായി വിവാഹം നടത്തണം. 


രാജിക്ക് പിന്നിൽ മറ്റൊരു രഹസ്യവുമില്ലെന്ന് ജസീന്ത  പറയുന്നു. സജീവ രാഷ്ട്രീയം ഒഴിവാക്കി തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ജസീന്തയുടെ തീരുമാനം. നമ്മൾ ശമ്പളം കൊടുക്കാനും പെൻഷൻ സമയത്തിന് നൽകാനും ഗതിയില്ലാതെ നിൽക്കുമ്പോഴാണ് പസിഫിക്കിലെ ദ്വീപ് രാജ്യത്തു നിന്നുള്ള അസാധാരണ വാർത്ത. നമുക്കാണെങ്കിൽ ജീവിതത്തിന്റെ രാത്രിയിലെത്തിയിട്ടും ആക്രാന്തം തീരാത്തവരെ പുതിയ പദവികളിൽ അെക്കാമഡേറ്റ് ചെയ്യാനുള്ള വെപ്രാളവും. 

 

 

Latest News