സാമൂഹിക മാധ്യമങ്ങൾ വാർത്താവിനിമയ രംഗത്ത് സൃഷ്ടിച്ച വിപ്ലവം വാക്കുകൾക്കതീതമാണ്. ഔദ്യോഗിക, വാണിജ്യ വാർത്താ മാധ്യമങ്ങളുടെ പ്രസക്തി കുറക്കുന്നതായിരുന്നു അവയുടെ കടന്നുകയറ്റം. മാധ്യമങ്ങളിൽ ഒരു വാർത്ത വരുന്നതിനു മുമ്പു തന്നെ ആ വാർത്തയുടെ അകവും പുറവുമെല്ലാം സാമൂഹിക മാധ്യമങ്ങൾ കവർന്നിട്ടുണ്ടാകും. എക്‌സ്‌ക്ലൂസീവ് വാർത്ത എന്നതിനെ ഇല്ലാതാക്കും വിധത്തിലാണ് സാമൂഹിക മാധ്യമങ്ങളുടെ വളർച്ച. ആർക്കും ഒന്നും മറച്ചുവെക്കാനാവാത്ത സ്ഥിതി. രഹസ്യം എന്നൊന്നില്ലാതായി എന്നു വേണം പറയാൻ. കുടുംബങ്ങളിലെ അകത്തള വിശേഷങ്ങൾ പോലും നിമിഷ നേരം കൊണ്ട് ലോകമൊട്ടാകെ വ്യാപിക്കും. അങ്ങനെ സന്ദേശ വാഹകനായും ഉപദേശകനായും നിരീക്ഷകനായും മുന്നറിയിപ്പുകാരനായും കലാപകാരിയായും മതവൈരിയായും രാഷ്ടീയ പോരാളിയായും സത്യ, അസത്യ പ്രചാരകനായുമെല്ലാം നവ മാധ്യമങ്ങൾ വിലസുകയാണ്. ഇന്ന് ജനങ്ങളുടെ ഏറ്റവും കൂടുതൽ സമയം കാർന്നുതിന്നുന്നവനും മറ്റാരുമല്ല. ഇതിന് അടിപ്പെട്ടവർ മടിയന്മാരും രോഗികളായി പോലും മാറിയിട്ടുണ്ട്. ചുരുക്കത്തിൽ ജീവിതത്തിന്റെ സർവ മേഖലകളിലേക്കും സാമൂഹിക മാധ്യമങ്ങൾ കടന്നു കയറി.
ജീവിതത്തിൽ ഒഴിച്ചുകൂടാനാവത്ത ഒന്നായി സാമൂഹിക മാധ്യമങ്ങൾ മാറി. അതിന്റെ ഗുണഫലങ്ങൾ ഏറെയാണ്. ദോഷ ഫലങ്ങൾ അതിലുമേറെ. ഇത്തരമൊരവസ്ഥയിൽ അതിനെ കൈകാര്യം ചെയ്യുന്നതിൽ അതീവ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് പ്രവാസികൾ. മറ്റൊരു രാജ്യത്ത് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുമ്പോൾ അതീവ സൂക്ഷ്മതയാണ് പുലർത്തേണ്ടത്. എന്നാൽ അതില്ലാത്തതിന്റെ പേരിൽ പൊല്ലാപ്പ് പിടിക്കുന്നവർ ഏറെയാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കിയതിന്റെ പേരിൽ നിയമക്കുരുക്കുകളിലകപ്പെട്ട് ജോലി നഷ്ടപ്പെട്ടവരുണ്ട്, ജയിലിലകപ്പെട്ടവരുണ്ട്. കേസിനെ അഭിമുഖീകരിക്കുന്നവരുണ്ട്. ഒരു വികാരത്തിന്റെ പുറത്ത് വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാതെ ചെയ്ത തെറ്റിന്റെ പേരിൽ ജീവിതത്തിന്റെ താളക്രമം തന്നെ തെറ്റിയവരുണ്ട്.
നാട്ടിലേതു പോലുള്ള തിരക്കുകൾ അധികം ഇല്ലാത്തതിനാൽ ജോലി കഴിഞ്ഞുള്ള സമയം അധികപേരും ചെലവഴിക്കുന്നത് സാമൂഹിക മാധ്യമങ്ങളിലാണ്. അങ്ങനെ വരുമ്പോൾ കയ്യിൽ കിട്ടുന്നതെന്തും അത് വീഡിയോ ആയാലും ഓഡിയോ ആയാലും മെസേജുകളായാലും കീഴ്‌മേൽ നോക്കാതെയാണ് കൈമാറുന്നത്. ഇങ്ങനെ സന്ദേശങ്ങൾ ഒരു ഗ്രൂപ്പിൽ നിന്ന് മറു ഗ്രൂപ്പിലേക്ക് അതിവേഗമാണ് പാഞ്ഞുകൊണ്ടിരിക്കുന്നത്. നാട്ടിലെ സ്ഥിതി ഇതിലുമേറെ കഷ്ടമാണ്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പും വിഭാഗീയതയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്ന സന്ദേശങ്ങളോടാണ് അധികപേർക്കും കൂടുതൽ താൽപര്യം. സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി പടച്ചു വിടുന്ന സന്ദേശങ്ങളിൽ പോലും നാം അറിയാതെ ഭാഗഭാക്കാവുന്നു.
അതിന്റെ ദുരന്തഫലം കതുവ സംഭവത്തോടെ കേരളം കണ്ടതാണ്. ജനകീയ ഹർത്താലിന്റെ പേരിൽ ചില സങ്കുചിത താൽപര്യ കേന്ദ്രങ്ങൾ പടച്ചുവിട്ട ഹർത്താൽ ആഹ്വാന പ്രഖ്യാപനം മുന്നും പിന്നും നോക്കാതെ കൈമാറുകയും അതിൽ വശംവദരായി തെരുവിലിറങ്ങുകയും ചെയ്തവരിപ്പോൾ അഴിയെണ്ണുകയാണ്. പടച്ചുവിട്ടവരും അഴിക്കുള്ളിലായി എന്നതാണ് ആശ്വാസം. നൂറു കണക്കിനു യുവാക്കളാണ് കേസിലകപ്പെട്ട് നട്ടം തിരിയുന്നത്. ഈ സംഭവം നല്ലൊരു അവബോധം സൃഷ്ടിക്കപ്പെട്ടുവെന്നായിരുന്നു പൊതുധാരണയെങ്കിലും അതു വേണ്ടവിധം ഉണ്ടായിട്ടില്ലെന്നാണ് പിന്നീട് വന്ന സംഭവ വികാസങ്ങളും കാണിക്കുന്നത്. ഇപ്പോഴും അനാവശ്യ വിവാദങ്ങളും ആശങ്കകളും സൃഷ്ടിക്കുന്നതിനുതകുന്ന സന്ദേശങ്ങളുടെ പരക്കം പാച്ചിലിന് ഒരു കുറവും ഉണ്ടായിട്ടില്ല. നാട്ടിൽ നിന്ന് സൃഷ്ടിച്ചു വിടുന്ന ഇത്തരം സന്ദേശങ്ങൾ ഏറ്റുപിടിക്കാൻ പ്രവാസികളും ഒട്ടും പിന്നിലല്ല.
അവസാനമായി നിപ്പാ വൈറസിന്റെ പേരിലുള്ള സന്ദേശ പ്രവാഹമാണെങ്ങും. വളരെ അപകടകാരിയായതാണ് നിപ്പാ വയറസെങ്കിലും ജനങ്ങളിൽ വല്ലാതെ ഭീതിയുണ്ടാക്കുന്ന തെറ്റായ സന്ദേശങ്ങൾ ഒട്ടേറെ പ്രചരിക്കുന്നുണ്ട്. തങ്ങളുടെ നിലനിൽപിനെ തന്നെ ദോഷകരായി ബാധിക്കുന്നതാണെന്ന് അറിയാമായിരുന്നിട്ടും പ്രവാസികളും അതിന്റെ പ്രചാരകരായി മാറുകയാണ്. അതിനുദാഹരണമാണ് വൈറസ് ബാധ ട്രാവൽ നിരോധത്തിലെത്തിച്ചേക്കുമെന്ന പ്രചാരണം. ഇത്തരമൊരു ചിന്തയിലേക്ക് അധികൃതരെ എത്തിക്കുന്ന സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെങ്കിലും അതിനു പ്രേരിപ്പിക്കും വിധത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളുമാണ് എങ്ങും പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് ഇന്നും പ്രവാസികളാണ്. സ്വദേശിവൽക്കരണവും തൊഴിൽ പരിഷ്‌കരണവുമെല്ലാം കൊണ്ട് ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും കേരളത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇന്നും ഗൾഫും പ്രവാസികളാണ്. നിലവിലെ സാഹചര്യത്തിൽ അതിന് ഏതെങ്കിലും വിധത്തിലുള്ള കോട്ടം ഉണ്ടായാൽ ദൂരവ്യാപക ഫലങ്ങളാവും അതുണ്ടാക്കുക. ഇന്നും തൊഴിൽ തേടുന്നവരേറേയും ഇഷ്ടപ്പെടുന്നതാണ് ഗൾഫ് മേഖല. അങ്ങോട്ടു പോകുന്നതിനനുസരിച്ച് ഇങ്ങോട്ടും പോരുന്നവരുണ്ട്. കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. അതുപോലെ അവധിക്ക് നാട്ടിൽ പോയിരിക്കുന്നവരും റമദാൻ അവധിയോടെ പോകാനിരിക്കുന്നവരും ഏറെയാണ്. ട്രാവൽ ബാൻ പോലുള്ള സംഗതികളുണ്ടായാൽ അതു ബാധിക്കുക പതിനായിരങ്ങളെയായിരിക്കും. കേരളത്തിന്റെ കയറ്റുമതിയെയും അതു ബാധിക്കും. അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിക്കും വിധത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് കഴിയുന്നതും പ്രവാസികളെങ്കിലും വിട്ടു നൽക്കാൻ ശ്രമിക്കണം. അതോടൊപ്പം സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുകയും വേണം. അനാവശ്യ സന്ദേശങ്ങളയച്ച് പരിഭ്രാന്തിയുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന പോലീസ് ഡയറക്ടർ ജനറലിന്റെ മുന്നറിയിപ്പ് ഈ ജാഗ്രതയുടെ ഭാഗമാണെങ്കിൽ കൂടി വൈറസ് ബാധ എത്രയും വേഗം നിയന്ത്രണ വിധേയമാക്കുന്നതിനും അതിന്റെ പ്രതിഫലനം മറ്റു രംഗങ്ങളിൽ ഉണ്ടാകാതിരിക്കുന്നതിനും സർക്കാർ ശ്രദ്ധിക്കണം. ഇതിനനുഗണമായ സഹകരണവും പ്രവർത്തനങ്ങളും പ്രവാസികളുൾപ്പെടെ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും വേണം.