നോട്ടെണ്ണാന്‍ പോലുമറിയാത്ത മണവാളനെ  വേണ്ടെന്ന് പറഞ്ഞ് വധു ഇറങ്ങിയോടി 

ലഖ്‌നൗ- വിവാഹം കഴിക്കാന്‍ പോകുന്നയാളെ കുറിച്ച് വ്യത്യസ്തമായ സങ്കല്‍പ്പങ്ങള്‍ പലരുടെ മനസിലുണ്ടാകും. എന്നാല്‍ എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന രീതിയിലുള്ള പങ്കാളിയെ കിട്ടണമെന്നില്ല. ചിലര്‍ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കും മറ്റുചിലര്‍ വിവാഹം തന്നെ വേണ്ടെന്ന് വയ്ക്കും. ഇത്തരത്തില്‍ ഭാവിവരന്‍ കണക്കില്‍ മോശമാണെന്ന് കണ്ടപ്പോള്‍ അയാളുമായുള്ള വിവാഹം വേണ്ടെന്ന് വച്ചിരിക്കുകയാണ് ഒരു യുവതി.
യു.പിയിലെ ഫറൂഖാബാദ് ജില്ലയിലാണ് സംഭവം. 21കാരിയായ റീത്താ സിംഗാണ് വിവാഹവേദിയില്‍ നിന്നും ഇറങ്ങിയപ്പോയത്. വരന് മാനസികമായി പ്രശ്‌നമുള്ള കാര്യം മറച്ചുവച്ചാണ് വിവാഹം നിശ്ചയിച്ചതെന്ന് വധുവും ബന്ധുക്കളും ആരോപിച്ചു. വിവാഹ വേദിയില്‍ നിന്ന് വധു ഇറങ്ങിപ്പോയതോടെ കുടുംബങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പോലീസെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വിവാഹത്തിന് സമ്മതിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു.
വരന്റെ മനസികാരോഗ്യത്തിന് പ്രശ്‌നമുള്ള കാര്യം വിവാഹ ദിവസം വരെ തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. അടുത്ത ബന്ധുവായിരുന്നു വിവാഹത്തിന്റെ ഇടനിലക്കാരന്‍. അതുകൊണ്ട് തന്നെ അയാളെ വിശ്വസിച്ചു. വരനെ പോയി കണ്ടില്ല. എന്നാല്‍ ചടങ്ങിനിടെ വരന്റെ വിചിത്രമായ പെരുമാറ്റം പൂജാരി പെണ്‍വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്നാണ് വധു പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്.10 രൂപയുടെ 30 നോട്ടുകള്‍ എണ്ണാന്‍ വരനോട് ആവശ്യപ്പെട്ടു. എന്നാല്‍ 10 നോട്ടുകള്‍ പോലും എണ്ണാന്‍ വരന് കഴിഞ്ഞില്ല. തുടര്‍ന്നാണ് വിവാഹം വേണ്ടെന്ന് യുവതി പറഞ്ഞത്. സംഭവത്തില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് എസ്എച്ച്ഒ അനില്‍ കുമാര്‍ ചൗബെ പറഞ്ഞു.

Latest News