തൊടുപുഴ- പൊറോട്ട അടിക്കുന്ന വിഡിയോയുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഫുഡ്കോര്‍ട്ടിലാണ് സംഘാടകര്‍ക്കൊപ്പം മന്ത്രി പൊറോട്ട അടിക്കാന്‍ കൂടിയത്. പൊറോട്ട അടിക്കുന്നതിന്റെ വിഡിയോയും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു.
ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കാല്‍വരി മൗണ്ടില്‍ നടക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിനും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റിനുമാണ് ഇടുക്കിയില്‍ തുടക്കമായത്. കാല്‍വരി മൗണ്ട് ടൂറിസം ഫെസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ചെറുകിട വ്യവസായ സംരഭക വിപണനസ്റ്റാളുകള്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ തുടങ്ങിയ അറുപതോളം സ്റ്റാളുകളാണ് മേള നഗരിയില്‍ ക്രമീകരിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളൊരുക്കിയ ഫുഡ്കോര്‍ട്ടിലേക്ക് സംഘാടകര്‍ക്കൊപ്പം എത്തിയ മന്ത്രി പൊറോട്ട അടിക്കാന്‍ കൗതുകത്തിന് കൂടെ കൂടുകയായിരുന്നു.
ശനിയാഴ്ച ആരംഭിച്ച ഫെസ്റ്റ് ഈ മാസം 30 വരെ നീണ്ടു നില്‍ക്കും. വലിയ ജനപങ്കാളിത്തം പരിപാടിയിലുണ്ട്. കോവിഡാനന്തരം ടൂറിസം മേഖല ഉണരുന്നതില്‍ ഏറെ ആഹ്ലാദം തോന്നുന്നുവെന്ന് മന്ത്രി പറഞ്ഞു.