ഹർത്താലിന്റെ മറവിൽ സ്വീകരിക്കുന്ന ജപ്തി നടപടി വിവേചനപരം -പ്രവാസി വെൽഫെയർ

ദമാം- ഹർത്താലിന്റെ മറവിൽ സ്വീകരിക്കുന്ന ജപ്തി  നടപടിക്കെതിരെ പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സെപ്റ്റംബറിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ പൊതുമുതൽ നഷ്ടത്തിന്റെ പേരിൽ കേരളത്തിലെ വിവിധ ജില്ലകളിലെ പി.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി വിവേചനപരവും നീതി നിഷേധവുമാണെന്ന് പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റി പറഞ്ഞു. 


ഹർത്താലിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനു ശേഷം കേരളത്തിൽ നിരവധി ഹർത്താലുകൾ നടന്നിട്ടുണ്ട്. അതിൽ പലതിലും അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവ വികാസത്തോടും സ്വീകരിക്കാത്ത കാർക്കശ്യ സമീപനം ഇപ്പോൾ മാത്രം സ്വീകരിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തോട് കാണിക്കുന്ന അനീതിയാണെന്നും സംഘ്പരിവാർ കാലത്ത് ആർ.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങൾ സൃഷ്ടിച്ച്  കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ എന്നും അവർ പറഞ്ഞു. അക്രമ പ്രവർത്തനം ആരുടെ ഭാഗത്തു നിന്നായാലും അത് എതിർക്കപ്പെടേണ്ടതാണ്. പക്ഷേ, ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ മാത്രമായി അത് ഉപയോഗിക്കുമ്പോൾ അതിനു പിന്നിലെ ലക്ഷ്യം വ്യക്തമാണ് എന്നും റീജിയണൽ കമ്മിറ്റി പറഞ്ഞു. എത്ര വേഗമാണ് ജപ്തി അടക്കമുള്ള നടപടികളിലേക്ക് കോടതിയും സർക്കാരും കടന്നത്. പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടിയ യു.പി സർക്കാരിന്റെയും ബുൾഡോസർ രാജ് നടപ്പാക്കിയ യു.പി, മധ്യപ്രദേശ്, ഹരിയാന, ദൽഹി നഗരസഭ തുടങ്ങിയ ബി.ജെ.പി സർക്കാരുകളുടെയും വംശീയ വിവേചനത്തിന് സമാനമായ നടപടിയാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത് എന്നും നീതിപീഠത്തിൽ നിന്നുണ്ടാകുന്ന ഇത്തരം വിവേചനം കടുത്ത നീതി നിഷേധമാണെന്നും റീജിയണൽ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.


ദമാമിൽ ചേർന്ന റീജിയണൽ കമ്മിറ്റി യോഗത്തിൽ പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, പ്രവാസി വനിതാ വിഭാഗം പ്രസിഡന്റ് സുനില സലീം എന്നിവർ സംസാരിച്ചു.

 

പ്രവാസ ലോകത്തെ മലയാളി വിശേഷങ്ങൾക്ക് മാത്രമായുള്ള മലയാളം ന്യൂസിന്റെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാം

Tags

Latest News