ജിദ്ദ- ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ പഠനക്ലാസ് സംഘടിപ്പിച്ചു. വാഗ്മിയും ഗ്രന്ഥകാരനും ഇസ് ലാമിക പ്രബോധകനുമായ എം.എം അക്ബർ, ഉനൈസ് പാപ്പിനിശ്ശേരി എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. ലേൺ ദി ഖുർആൻ ആറാംഘട്ട പാഠ്യപദ്ധതിയുടെ ജിദ്ദ ഏരിയ പ്രകാശനവും എം.എം അക്ബർ നിർവഹിച്ചു.
'മക്കൾ സൗഭാഗ്യമാണ്, പരീക്ഷണവും' എന്ന വിഷയത്തിൽ എം.എം അക്ബർ ഉദ്‌ബോധന ക്ലാസെടുത്തു. 'മാതാപിതാക്കൾ സ്വർഗത്തിലേക്കുള്ള വാതിൽ' എന്ന വിഷയത്തിൽ ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ സംബന്ധിച്ച് ക്ലാസെടുത്തു. മക്കൾക്കിടയിൽ വേർതിരിവ് കൽപിക്കുകയും ചിലരെ മറ്റു ചിലരേക്കാൾ പ്രത്യേകം സ്‌നേഹിക്കുകയും അവർക്ക് പ്രത്യേകമായി പലതും നൽകുന്ന വിഭാഗീയത ഗൃഹാന്തരീക്ഷങ്ങളിൽ നിലനിന്നുകൂടാ എന്നും അത്തരമൊരു സന്താന പരിപാലനം ഇസ് ലാം പഠിപ്പിക്കുന്നില്ല എന്നും എം.എം അക്ബർ അഭിപ്രായപ്പെട്ടു.
അവയവങ്ങൾ ലിംഗത്തെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്നും ലിംഗത്വം അഥവാ ജെൻഡർ ഓരോരുത്തരുടെയും തോന്നലുകളാണ് തീരുമാനിക്കുന്നത് എന്നും സമർഥിക്കുന്ന ജെൻഡർ തിയറിയുടെയും എൽ.ജി.ബി.ടി ആക്ടിവിസത്തിന്റേയും ആധുനിക കാലത്ത് കുട്ടികളുടെ ലിംഗവ്യത്യാസത്തിനപ്പുറത്ത് വ്യക്തിഗത വികസനത്തെ ത്വരിതപ്പെടുത്തുന്ന നിലയിൽ ധാർമിക മൂല്യങ്ങളിൽ ഊന്നി നിന്നുകൊണ്ട് മാതാപിതാക്കൾ ബോധപൂർവമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഗുരുതരവും ആപൽക്കരമായ പ്രത്യാഘാതങ്ങൾ കുടുംബത്തിലും സമൂഹത്തിലും ഉണ്ടായേക്കുമെന്ന് വർത്തമാനകാല സംഭവ വികാസങ്ങളുടെ വെളിച്ചെത്തിൽ അദ്ദേഹം വ്യക്തമാക്കി. ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ 'മക്കൾ സൗഭാഗ്യമാണ്, പരീക്ഷണവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കളോട് സ്‌നേഹമുണ്ടെന്ന് പറഞ്ഞാൽ മാത്രം പോരാ. മറിച്ച് അത് പ്രകടിപ്പിക്കാനും ആ സ്‌നേഹത്തിന് കൃത്യമായ പരിധികൾ നിശ്ചയിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അവരെ എടുക്കുവാനും ചുംബിക്കുവാനും അവരോടൊത്ത് കളിയിലും മാന്യമായ വിനോദത്തിലുമൊക്കെ സമയം ചെലവഴിക്കാനും കഴിയേണ്ടതുണ്ട്.
മക്കളുടെ മാനസിക വികാസത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹ-വാത്സല്യങ്ങളുടെ ആത്മ ബന്ധത്തിനുമൊക്കെ അത് അനിവാര്യമാണ്. വളരെയേറെ തിരക്കും സാമൂഹ്യ ഉത്തരവാദിത്തവുമുണ്ടായിരുന്നിട്ടും മുഹമ്മദ് നബി (സ) കുട്ടികളോടൊത്ത് സ്‌നേഹം പങ്കുവെക്കുവാനും കളിക്കാനും സമയം കണ്ടെത്തിയിരുന്നുവെന്നത് ആധുനിക സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
തിരക്കിന്റെ പേരിൽ ബാധ്യതകളും ജീവിതം തന്നെയും മറക്കുന്ന ആധുനിക സമൂഹത്തിന് ജീവിതപ്പാച്ചിലിനിടയിൽ പലതും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നുവെന്ന വസ്തുത പലരും ശ്രദ്ധിക്കാറില്ല. സ്‌നേഹവും കാരുണ്യവും പ്രകടിപ്പിച്ചാൽ മാത്രമേ മറ്റുള്ളവരിൽ നിന്നും അതുപോലുള്ളത് തിരിച്ചു കിട്ടുകയുള്ളൂവെന്നാണ് നബി (സ) പഠിപ്പിച്ചത്. നാളെ മാതാപിതാക്കൾക്ക് വേണ്ടി സ്രഷ്ടാവിനോട് പ്രാർഥിക്കുന്ന മക്കളാക്കി അവരെ പരിവർത്തിപ്പിക്കുന്നതിൽ ഇന്നിന്റെ പാരന്റിഗ് നന്നാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ഉനൈസ് പാപ്പിനിശ്ശേരി 'മാതാപിതാക്കൾ സ്വർഗത്തിലേക്കുള്ള വാതിൽ' എന്ന വിഷയത്തിൽ മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകളെ കുറിച്ച് വിശദീകരിച്ചു. വർധിച്ചുവരുന്ന വൃദ്ധസദനങ്ങൾ സമൂഹത്തിന്റെ ധാർമികമായ മൂല്യച്യുതിയെയാണ് എടുത്ത് കാണിക്കുന്നത്. മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇസ് ലാം മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ കാലിക പ്രസക്തമാണെന്നും അത് സമൂഹത്തിന്റെ സാംസ്‌കാരിക യശസ്സിന് മാറ്റു കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. മരണാനന്തര ജീവിതത്തിൽ വിജയം കൈവരിക്കാൻ മാതാപിതാക്കളുടെ തൃപ്തി മക്കളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം സദസ്യരെ ഉണർത്തി.
ലേൺ ദ ഖുർആൻ ആറാംഘട്ട പാഠ്യ പദ്ധതിയുടെ ജിദ്ദ ഏരിയ പ്രകാശനം എം.എം അക്ബർ നിർവഹിച്ചു. അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ നടന്ന പ്രസ്തുത പരിപാടിയിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും മുസ്തഫ ദേവർശോല നന്ദിയും പറഞ്ഞു.






