റിയാദ്- സൗദിയിൽ ഒരാഴ്ചയ്ക്കിടെ 16,000 ലേറെ നിയമ ലംഘകർ പിടിയിലായി.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 9343 ഇഖാമ നിയമ ലംഘകരും, 4037 നുഴഞ്ഞു കയറ്റക്കാരും, 2816 തൊഴിൽ നിയമ ലംഘകരും അടക്കം 16,196 നിയമ ലംഘകർ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 461 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 42 പേരും നിയമ ലംഘകർക്ക് സഹായ സൗകര്യങ്ങൾ ചെയ്തു കൊടുത്ത 12 പേരും ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി.
1873 വനിതകൾ അടക്കം ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 28,773 നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. 20,154 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാനും 1773 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചയ്ക്കിടെ 12,431 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






