Sorry, you need to enable JavaScript to visit this website.

വീടുമാറി ജപ്തി: രജിസ്ട്രാര്‍ ഓഫീസിലെ പിഴവെന്ന് സംശയം; നീച പ്രവൃത്തിയെന്ന് മുസ്ലിം ലീഗ്

പെരിന്തല്‍മണ്ണ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടാനുള്ള നടപടിക്കിടെ അങ്ങാടിപ്പുറം വില്ലേജില്‍ രണ്ട് നിരപരാധികളുടെ വീടുകളില്‍ നോട്ടീസ് പതിക്കാന്‍ ഇടയായത് രജിസ്ട്രാര്‍ ഓഫീസില്‍ സംഭവിച്ച പിഴവുമൂലമെന്ന് സംശയം. അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തനങ്ങാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് ബ്രാഞ്ച് പ്രസിഡന്റ് ഇടുപൊടിയന്‍ കോയാമു മകന്‍ അലി,ബ്രാഞ്ച് സെക്രട്ടറി ഇടു പൊടിയന്‍ മുഹമ്മദ് എന്ന കുഞ്ഞാപ്പു മകന്‍ ഹംസ എന്നിവരുടെ പേരിലാണ് യഥാര്‍ഥത്തില്‍ ജപ്തി നോട്ടീസ് പുറപ്പെടുവിച്ചത്.എന്നാല്‍ സമാന പേരിലുള്ള മറ്റു രണ്ട് വീടുകളിലാണ് റവന്യൂ അധികൃതര്‍ നോട്ടീസ് പതിച്ചത്.
ജപ്തി നടത്തേണ്ടി വീടുകള്‍ നില്‍ക്കുന്ന ഭൂമിയുടെ ആധാരത്തിന്റെ നമ്പര്‍ പെരിന്തല്‍മണ്ണ  രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് റവന്യു അധികൃതര്‍  ശേഖരിച്ചപ്പോള്‍  സംഭവിച്ച പിഴവാകാം വീട് മാറി നോട്ടീസ് പതിക്കാന്‍ കാരണമെന്ന് പറയുന്നു.ഹംസയുടെ വീടിന് പകരം ഇതേ വിലാസമുള്ള അയല്‍വാസി ഓട്ടോഡ്രൈവര്‍ ഹംസയുടെ വീട്ടിലാണ് നോട്ടീസ് പതിച്ചത്. അലിയുടെ ഭൂമി കണ്ട് കെട്ടുന്നതിന് പകരം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത കര്‍ഷകനായ അലിയുടെ വീട്ടിലും നോട്ടീസ് പതിച്ചു.ഇതേ ഭൂമിയില്‍ അലി കെട്ടിടം പണിയാന്‍ നടപടികള്‍ ആരംഭിച്ചതാണ്.നോട്ടീസ് പതിച്ചതോടെ പണികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു.
പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്ന നടപടികള്‍ക്കിടെ പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ അകാരണമായി ജപ്തി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഈ നീചപ്രവൃത്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മലപ്പുറം ജില്ലയിലെ മാറാക്കര, എടരിക്കോട് പഞ്ചായത്തുകളിലെ മുസ്ലിംലീഗ് ജനപ്രതിനിധികളടക്കം ജപ്തി നടപടി നേരിടുന്നവരിലുണ്ട് എന്നത് ഗൗരവമുളളതാണ്. കോടതി നിര്‍ദേശപ്രകാരം പൊതു മുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും നഷ്ടം ഈടാക്കുന്നതിനും സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടാന്‍ അനുവദിക്കില്ല. എവിടുന്നാണ് ഇവര്‍ക്ക് ലിസ്റ്റ് കിട്ടിയതെന്നും ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വെളിപ്പെടുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. നിയമസഭയില്‍ മുസ്ലിംലീഗ് ഇക്കാര്യം അവതരിപ്പിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ അനീതിക്കെതിരെ പ്രതികരിക്കണം. അപരാധികള്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ അതിന്റെ പേരില്‍ ഗൂഢാലോചന നടത്തി നിരപരാധികളെ കുടുക്കാനുള്ള ശ്രമം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News