ബിരിയാണി കഴിച്ചിട്ട് ഡാന്‍സ് കളിക്കാന്‍ കഴിയുമോ- എ.എന്‍. ഷംസീര്‍

തിരുവനന്തപുരം- കലോത്സവത്തിന് സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികമെന്നും ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോയെന്നും നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ചോദിച്ചു. താന്‍ വ്യക്തിയെന്ന നിലയിലെ അഭിപ്രായം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'ഞാനൊരു പ്യുവര്‍ നോണ്‍ വെജിറ്റേറിയനാണ്. നമ്മള്‍ പ്രാക്ടിക്കല്‍ സൈഡ് ചിന്തിക്കേണ്ടേ. ആളുകള്‍ കൂട്ടമായി എത്തുന്നിടത്ത് വെജിറ്റേറിയനാണ് ഗുണം. കുട്ടികളുടെ ശ്രദ്ധ പൂര്‍ണമായും അവര്‍ പങ്കെടുക്കുന്ന പരിപാടികളിലായിരിക്കും. ഏതെങ്കിലും സമയത്തായിരിക്കും അവര്‍ ഭക്ഷണം കഴിക്കുക. അതിനാല്‍ കുറച്ചുകൂടി അഭികാമ്യം വെജിറ്റേറിയനാണ് - സ്പീക്കര്‍ പറഞ്ഞു.

ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ചേരിതിരിവിലേക്കൊന്നും പോയിട്ടില്ല. ജനാധിപത്യരാജ്യമാണിത്. ഒരാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് നമുക്ക് പറയാന്‍ പറ്റുമോ? ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ വിവാദം ഏറ്റുപിടിച്ചു എന്ന അഭിപ്രായം എനിക്കില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും വിഷയത്തില്‍ അഭിപ്രായം പറയുമെന്നു തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News