നിങ്ങളുടെ അനർഘ നിമിഷങ്ങളിൽ ഏറ്റവും പ്രിയങ്കരമായത് ഇനി ഗൂഗിൾ ഫോട്ടോസിൽ അടയാളപ്പെടുത്താം. ഇങ്ങനെ മാർക്ക് ചെയ്യുന്ന പ്രിയങ്കരമായ ഫോട്ടോകളെല്ലാം ഒരുമിച്ച് സൂക്ഷിക്കാനും ഗൂഗിൾ ഫോട്ടോസിൽ ആരംഭിക്കുന്ന പുതിയ ഫീച്ചറായ ഫേവറിറ്റ് അവസരമൊരുക്കും.
ട്വിറ്ററിനും ഇൻസ്റ്റാഗ്രാമിനും ചുവടുപിടിച്ച് നിങ്ങളുമായി പങ്കുവെക്കുന്ന ഓർമകൾക്ക് ഇഷ്ടം രേഖപ്പെടുത്താൻ ഹാർട്ട് ഐക്കോണും ഗൂഗിൾ ഫോട്ടോസ് ആരംഭിക്കുകയാണ്.
നിർമിത ബുദ്ധിയുടെ വിപുലമായ സാധ്യതകൾ ഫോട്ടോസ് അടക്കമുള്ള എല്ലാ സേവനങ്ങളിലും ഉൾപ്പെടുത്തുമെന്ന് ഈ മാസം ആദ്യം നടന്ന ഡെവലപ്പേഴ്‌സ് സമ്മേളനത്തിൽ ഗൂഗിൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിൾ ഫോട്ടോസിലെ പുതിയ ഫീച്ചറുകൾ വെളിപ്പെടുത്തിയത്.
ഫേവറിറ്റ് ഫീച്ചർ പ്രവർത്തന സജ്ജമാക്കുന്ന സ്റ്റാർ ബട്ടൺ ആണ് മാറ്റങ്ങളിൽ ആദ്യത്തേത്. ലൈബ്രറിയിലെ ഏതെങ്കിലും ഫോട്ടോയുടെ മുകൾഭാഗത്ത് വലതു വശത്ത് പ്രത്യക്ഷപ്പെടുന്ന സ്റ്റാർ ബട്ടണിൽ ടാപ്പ് ചെയ്താൽ അത് ഫേവറിറ്റായി അടയാളപ്പെടുത്താം. ആൽബം ടാബിൽനിന്ന് തുറക്കാവുന്ന ഫേവറിറ്റ് സെക്ഷനിലായിരിക്കും ഇങ്ങനെ അടയാളപ്പെടുത്തുന്ന ഫോട്ടോകൾ ശേഖരിക്കപ്പെടുക. നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട ഫോട്ടോകളും ഒറ്റ സ്ഥലത്ത് വെച്ച് കാണാൻ ഇതുവഴി സാധിക്കും.
ഈയാഴ്ച തന്നെ ഫേവറിറ്റ് ഫീച്ചർ ആരംഭിക്കുമെന്ന് ഗൂഗിൾ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് ആദ്യം ആൻഡ്രോയിഡിലാണോ ആപ്പിളിലാണോ ആദ്യം വരികെയന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഫേവറിറ്റ് ഫീച്ചറിനു പുറമെ, കൂട്ടുകാർ നിങ്ങളുമായി പങ്കുവെക്കുന്ന ഫോട്ടോകൾക്ക് നിങ്ങളുടെ ഇഷ്ടം രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഗൂഗിൾ ഫോട്ടോസ് ഒരുക്കുന്നത്. സുഹൃത്തുക്കൾ അയക്കുന്ന ഫോട്ടോകൾക്ക് മുകളിൽ നിങ്ങൾക്ക് ടാപ്പ് ചെയ്യാവുന്ന ഹാർട്ട് ഐക്കൺ പ്രത്യക്ഷപ്പെടും. ഇതോടെ ഗൂഗിൾ ഫോട്ടോസും സോഷ്യൽ സ്വഭാവത്തിലേക്ക് പരിവർത്തിക്കപ്പെടുകയാണ്. ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനങ്ങൾക്ക് അടുത്തുനിൽക്കും ഗൂഗിൾ ഫോട്ടോസും.
ഗൂഗിൾ ഫോട്ടോസിൽ നിർമിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള രണ്ട് സേവനങ്ങൾ ഡെവലപ്പേഴ്‌സ് സമ്മേളനത്തിനു ശേഷം പുറത്തിറിക്കിയെങ്കിലും വ്യാപകമായി ലഭ്യമാക്കിയിട്ടില്ല. സജ്ജസ്റ്റഡ് ആക്ഷൻസ്, കളർപോപ് എന്നീ ഫീച്ചറുകളാണ് നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ളത്. മികച്ച ഫോട്ടോകൾ സഹായിക്കുന്നതാണ് സജസ്റ്റഡ് ആക്ഷൻസ്. നിർമിത ബുദ്ധി അതിനായുള്ള നിർദേശം നൽകും. ബ്ലാക്ക് ആന്റ ് വൈറ്റ് ഫോട്ടോകൾക്ക് നിറം നൽകുന്നതിനു സഹായിക്കുന്നതാണ് നിർമിത ബുദ്ധി അടിസ്ഥാനമാക്കി തന്നെയുള്ള കളർപോപ്.






