Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക്  നാല് രൂപയ്ക്ക് ട്രെയിന്‍ യാത്രയോ? 

റാവല്‍പിണ്ടി-1947ല്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഒരു ട്രെയിന്‍ ടിക്കറ്റാണ് ഇരു രാജ്യങ്ങളിലേയും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിക്കും ഇന്ത്യയിലെ അമൃത്‌സറിനും ഇടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റാണിത്.  ഒന്‍പതുപേര്‍ക്കായി എടുത്ത ടിക്കറ്റിന്റെ വിലയാണ് ചര്‍ച്ചയ്ക്ക് ആധാരം. അന്ന് ഒമ്പത് പേരുടെ ടിക്കറ്റിന് 36 രൂപയും ഒമ്പത് അണയും മാത്രമാണ് ഈടാക്കിയിരുന്നത്.കേവലം നാല് രൂപയ്ക്ക് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സഞ്ചരിക്കാനാവുമോ എന്നതിനെ കുറിച്ചാണ് ചര്‍ച്ച കനക്കുന്നത്. ഈ റൂട്ടില്‍ ഇപ്പോള്‍ സര്‍വീസ് ഇല്ലെങ്കിലും ഇത്രയും ദൂരം സഞ്ചരിക്കാനുള്ള ഇന്നത്തെ ടിക്കറ്റ് നിരക്കുമായി താരതമ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പാക്കിസ്ഥാന്‍ റെയില്‍ ലവേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ടിക്കറ്റിന്റെ ചിത്രം ആദ്യം വന്നത്. ഇരുരാജ്യങ്ങളും രൂപീകൃതമായതിന് പിന്നാലെ പാക്കിസ്ഥാനില്‍ നിന്നും ഏതോ സമ്പന്ന കുടുംബം ഇന്ത്യയിലേക്ക് വന്നതാവാം  എന്നാണ് കരുതുന്നത്. കൈകൊണ്ടാണ് ടിക്കറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയുടേതാണ് ടിക്കറ്റ്. എസി 3 കോച്ചിലേക്കാണ് ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് പാകിസ്ഥാന്റെ ഭാഗത്തായി നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണ്‍ ഉണ്ടായിരുന്നുവെന്ന് ആളുകള്‍ കമന്റില്‍ പറയുന്നുമുണ്ട്. ചിലര്‍ ടിക്കറ്റില്‍ സഞ്ചരിച്ചിരിക്കുന്നത് വിദേശികളാവാനാണ് സാദ്ധ്യതയെന്നും കരുതുന്നു. അക്കാലത്ത് നാല് രൂപ എന്നത് വലിയ തുകയാണെന്നും ഇതിന് ന്യായീകരണമായി നിരത്തുന്നു. അക്കാലത്ത് എസി കോച്ചുകളുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. ഒരു പക്ഷേ കോച്ചിന് റെയില്‍വേ നല്‍കിയ കോഡാവാം എസി എന്നത്. 


            

Latest News