ക്രൈസ്തവര്‍ കുടിച്ചു നശിക്കുന്നു, തിരി കത്തിച്ചിട്ടും മക്കളുണ്ടാകുന്നില്ല

കൊച്ചി- ലഹരി ഉപയോഗത്തില്‍ ക്രിസ്ത്യാനികളാണ് ഒന്നാം സ്ഥാനത്തെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ക്രൈസ്തവ സമൂഹം കേരളത്തില്‍ ദുര്‍ബലമായിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു പ്രധാന കാരണം മദ്യമാണ്. സമുദായങ്ങളില്‍ നമ്മള്‍ മാത്രമാണ് ഇങ്ങനെ കുടിച്ചു കുടിച്ചു നശിക്കുന്നത്. കുടുംബം നശിപ്പിക്കുന്ന രീതിയില്‍ വെള്ളമടിച്ച് തളര്‍ന്നു കിടക്കുന്ന ഒരു സമൂഹമായി നമ്മള്‍ മാറുകയാണ്. ക്രൈസ്തവര്‍ ന്യൂനപക്ഷമായെങ്കില്‍, തളര്‍ന്നുപോയെങ്കില്‍ വേറെ ആരെയും കുറ്റം പറയണ്ട. നമ്മുടെയൊക്കെ കാര്‍ന്നോന്മാരാരുടെ ലക്ഷ്യമില്ലാത്ത ജീവിതവും മദ്യപാനവുമാണ് കാരണം. സന്തോഷില്ലാതെയാകുമ്പോഴാണ് നമ്മള്‍ ലഹരി തേടി പോകുന്നത്. ആളോഹരി കടത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ മുന്‍പന്തിയില്‍നില്‍ക്കുന്നത് ക്രിസ്ത്യാനികളാണ്. നമ്മുടെ ഇടയില്‍ മക്കളില്ലാത്ത ചെറുപ്പക്കാരും കൂടിവരികയാണ്. എല്ലാ കണക്കുകൂട്ടലുകളും നടത്തി മുപ്പത്തി ആറാമത്തെ വയസ്സിലാണ് പെണ്ണ് കെട്ടുന്നത്. 29 വയസ്സുള്ള പെണ്ണിനെയാണ് കെട്ടുന്നത്. അവസാനം കൊച്ചുണ്ടാകാനായി എല്ലായിടത്തും മെഴുകുതിരിയുമായി നടക്കുകയാണ്. മക്കള്‍ക്ക് കൊടുക്കുന്ന ശിക്ഷണവും ദിശാബോധവും അവരെ പ്രത്യാശയിലേക്ക് നയിക്കുന്നില്ലെന്നും തളര്‍ന്നുകിടക്കുന്ന ഒരു സമൂഹത്തിന്റെ എല്ലാ ലക്ഷണങ്ങളും നമ്മിലുണ്ടെന്നും ഇനിയും വൈകിയില്‍ തീര്‍ന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News