ഹൈദരാബാദ്- ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കനൂരുവില്‍ പതിനൊന്നുകാരിയെ നിരന്തരം ലൈംഗികാതിക്രമങ്ങള്‍ക്കിരയാക്കിയ അഞ്ച് ബാലന്‍മാരെ ജനക്കൂട്ടം വീടുകളിലെത്തി പിടിച്ചിറക്കി തുണിയുരിഞ്ഞ് മര്‍ദ്ദിച്ച് അവശരാക്കി. പൊതിരെ തല്ലു കിട്ടിയ ബാലന്‍മാരെ പോലീസെത്തിയാണ് രക്ഷിച്ചത്. ആറു മുതല്‍ 11 വയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. സംഭവം അന്വേഷിച്ച പോലീസിനു ലഭിച്ചത് ഞെട്ടിപ്പിക്കുന്ന ലൈംഗിക വൈകൃതങ്ങളുടെ കഥയാണ്.
അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണില്‍ രതിവൈകൃതങ്ങളടങ്ങിയ നിലചിത്രങ്ങള്‍ കാണുന്നത് പതിവാക്കിയ ആണ്‍കുട്ടികളാണ് അയല്‍ക്കാരിയായ ബാലികയെ ലൈംഗികാതിക്രമത്തിനിരയാക്കിയതെന്നാണ് പോലീസ് കണ്ടെത്തല്‍. രണ്ടു മാസത്തോളമായി ബാലന്‍മാര്‍ ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ ക്രൂരത തുടര്‍ന്നത്. ഒടുവില്‍ സംഭവം പെണ്‍കുട്ടി അമ്മയോടു പറയുകയും തുടര്‍ന്ന് ബന്ധുക്കള്‍ വഴി പുറത്തറിയുകയുമായിരുന്നു. കുടുംബം പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഇതോടെയാണ് ബുധനാഴ്ച പ്രദേശത്തെ ജനങ്ങള്‍ ചേര്‍ന്ന് അഞ്ചു ബാലന്‍മാരേയും അവരുടെ വീടുകളില്‍ ചെന്ന് പിടികൂടി തെരുവിലിട്ട് തുണിയുരിഞ്ഞ് മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശിയാണ് ആള്‍ക്കുട്ടത്തെ പിരിച്ചു വിട്ടത്. പിടിയിലായ ആണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പോണ്‍ ചിത്രങ്ങല്‍ കാണുന്നത് പതിവാക്കിയവരായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതായിരിക്കാം ഇവരെ ലൈംഗികാതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പിടിയിലായ കുട്ടികളെ തിരുപ്പതി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.