ജിദ്ദ നവോദയ ഹയ്യ സാമിർ യൂനിറ്റ് സഹായധനം കൈമാറി

നവോദയ ഹയ്യ സാമിർ യൂനിറ്റിന്റെ സഹായധനം അബ്ദുൽ സലാം പൂനൂരിൽ നിന്ന് ജുനൈസ് താഴെക്കോട്, ബഹാവുദ്ദീൻ പുലാമന്തോൾ എന്നിവർ സ്വീകരിക്കുന്നു.

ജിദ്ദ- നവോദയ ഹയ്യ സാമിർ യൂനിറ്റിന്റെ സഹായധനം കൈമാറി. അബ്ദുൽ സലാം പൂനൂരിൽ നിന്ന് നവോദയ സഫ രക്ഷാധികാരി ജുനൈസ് താഴെക്കോടും, കൺവീനർ ബഹാവുദ്ദീൻ പുലാമന്തോളും ചേർന്നാണ് തുക സ്വീകരിച്ചത്.
നവോദയ സഫ ഏരിയ സാമിർ യൂനിറ്റിലെ ഹൗസ് ഡ്രൈവർ ആയ അംഗത്തിന്റെ ഭാര്യക്ക് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഒറ്റപ്പാലത്തെ ആശുപത്രിയിലും, പെരിന്തൽമണ്ണ ഇ.എം.എസ്, കൊച്ചി ആസ്റ്റർ മെഡി സിറ്റി എന്നിവിടങ്ങളിലും ചികിത്സ നടത്തിയിരുന്നു. എങ്കിലും ജീവൻ രക്ഷപ്പെടുത്താൻ ആയില്ല. പക്ഷേ, ചികിത്സക്കു ഭീമമായ തുക ബാധ്യത വന്ന വിവരം നവോദയ സാമിറിലെ പ്രവർത്തകരെ അറിയിക്കുകയും, തുടർന്ന് സാമിർ മേഖലയിൽ നടത്തുന്ന ചികിത്സാ ധനസഹായത്തിലേക്ക്
പലരും സഹായിക്കുകയും ചെയ്തു.
സാമിറിലെ ഇമാദ് ബേക്കറിയിലെ ജോലിക്കാർക്കിടയിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച സാമ്പത്തിക സഹായം, മാനേജർ അബ്ദുൽ സലാം പൂനൂരിൽ നിന്ന് നവോദയ സഫ രക്ഷാധികാരി ജുനൈസ് താഴെക്കോടും നവോദയ സഫാ ഏരിയ ജീവകാരുണ്യ കൺവീനർ ബഹാവുദ്ദീൻ പുലാമന്തോളും കുടുംബത്തിനു കൈമാറാനായി ഏറ്റുവാങ്ങി.

Tags

Latest News