ഗുവാഹത്തി- അസമിലെ ബിസ്വനാഥ് ജില്ലയില്‍ ലൈംഗിക പീഡനശ്രമത്തിനിടെ മകള്‍ സ്വന്തം പിതാവിനെ വീട്ടിലിട്ട് വെട്ടിക്കൊന്ന സംഭവം പുറത്തായി. മാര്‍ച്ചില്‍ നടന്ന സംഭവം ചൊവ്വാഴ്ചയാണ് പുറത്തറിഞ്ഞത്. മാര്‍ച്ച് മൂന്ന് രാത്രി 11 മണിയോടെയാണ് തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച 71-കാരനായ പിതാവിനെ 25-കാരിയായ യുവതി മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. മൃതദേഹം പിന്നീട് വീടിനു സമീപം ആഴത്തില്‍ കുഴിവെട്ടി അതിലിട്ടു മൂടുകയായിരുന്നു. മഴു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ അച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബലപ്രയോഗത്തിലൂടെ ഈ മഴു കൈക്കലാക്കിയ മകള്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് മുന്ന് ദിവസത്തോളം പ്ലാസ്റ്റിക് കവറിലാക്കി വീട്ടിനകത്ത് സൂക്ഷിച്ചു. ഇതിനിടെ വീടിന്റെ പിറകില്‍ ആഴത്തില്‍ വെട്ടിയ കുഴില്‍ മൂടുകയായിരുന്നു. അമ്മയുടേയും സഹോദരന്റേയും സഹായത്തോടെയാണ് യുവതി അച്ഛന്റെ മൃതദേഹം ഒളിപ്പിച്ചു വച്ചത്.
അച്ഛനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പോലീസിനെ സമീപച്ചതാണ് സംഭവം പുറത്തറിയാനിടയാക്കിയത്. മേയ് 11-നാണ് അച്ഛനെ കാണാനില്ലെന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുകള്‍ ലഭിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതക കഥ പുറത്തു വന്നത്. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ യുവതിയും അമ്മയും അടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ കൊലപാതക കുറ്റവും മറ്റുള്ളവര്‍ക്കെതിരെ തെളിവുനശിപ്പിച്ച കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
യുവതി നിരന്തരം പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്്. ബിരുദാന്ത ബിരുദ വിദ്യാര്‍ത്ഥിയാണ് യുവതി. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.






