റിയാദ് - ഫലസ്തീൻ ജനതയോടുള്ള സൗദി അറേബ്യയുടെ ആത്മാർഥമായ സാഹോദര്യ നിലപാടുകളെ ഫലസ്തീൻ വിദേശ, പ്രവാസികാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. അന്താരാഷ്ട്ര തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും പൂർണ പിന്തുണ അടക്കം ഫലസ്തീൻ ജനതയെയും അവരുടെ ന്യായമായ പ്രശ്നങ്ങളെയും അവകാശങ്ങളെയും എല്ലാ ഫോറങ്ങളിലും സൗദി അറേബ്യ പിന്തുണക്കുന്നതായി ഫലസ്തീൻ വിദേശ, പ്രവാസികാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അബ്രഹാം കരാറിന്റെ ഭാഗമായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചില അറബ് രാജ്യങ്ങൾ ഇസ്രായിലുമായി പൂർണ തോതിൽ നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ ഇസ്രായിലുമായി തങ്ങൾ നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രായിലുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് ദാവോസ് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് കഴിഞ്ഞ ദിവസം വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും വ്യക്തമാക്കി.
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ധാരണയിലെത്തണമെന്നതാണ് ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ ഉപാധി. ഇസ്രായിലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് മേഖലക്കാകമാനം വളരെയേറെ ഗുണകരമാകുമെന്ന് സൗദി അറേബ്യ കരുതുന്നു. എന്നാൽ ഫലസ്തീനികൾക്ക് പ്രത്യാശയും അന്തസ്സും നൽകുന്നതിലൂടെ മാത്രമേ യഥാർഥ സ്ഥിരതയും നയതന്ത്രബന്ധവും കൈവരിക്കാനാകൂ. ഇതിന് ഫലസ്തീനികൾക്ക് അവരുടെ രാഷ്ട്രം നൽകേണ്ടതുണ്ട്. ഇതിനാണ് സൗദി അറേബ്യ മുൻഗണന കൽപിക്കുന്നതെന്നും ലോക സാമ്പത്തിക ഫോറത്തിൽ വിദേശ മന്ത്രി അർഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ ഉറച്ച നിലപാടിനെ ഫലസ്തീൻ വിദേശ, പ്രവാസികാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തത്.






