ചൈനക്ക് ഏറ്റവുമധികം എണ്ണ നൽകിയത് സൗദി അറേബ്യ

സൗദിയിൽനിന്നുള്ള എണ്ണ ടാങ്കർ ചൈനീസ് തുറമുഖത്ത്‌

റിയാദ് - കഴിഞ്ഞ വർഷം ചൈന ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്തത് സൗദിയിൽനിന്ന്. കഴിഞ്ഞ കൊല്ലം 8.749 കോടി ടൺ ക്രൂഡ് ഓയിലാണ് സൗദി അറേബ്യ ചൈനയിലേക്ക് കയറ്റി അയച്ചത്. പ്രതിദിനം ശരാശരി 17.5 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വീതം കഴിഞ്ഞ വർഷം സൗദി അറേബ്യ ചൈനയിലേക്ക് കയറ്റി അയച്ചു. 2021 ലെ അതേ തോതിൽ കഴിഞ്ഞ കൊല്ലവും ചൈന സൗദിയിൽ നിന്ന് എണ്ണ വാങ്ങി. പ്രാദേശിക വിപണിയിൽ ആവശ്യം കുറഞ്ഞിട്ടും സൗദി അറേബ്യയുമായി നേരത്തെയുണ്ടാക്കിയ കരാറുകൾ ചൈനീസ് എണ്ണ റിഫൈനറികൾ പാലിച്ചു.
കഴിഞ്ഞ വർഷം ചൈനക്ക് ഏറ്റവുമധികം എണ്ണ നൽകിയ രണ്ടാമത്തെ രാജ്യം റഷ്യയാണ്. കഴിഞ്ഞ കൊല്ലം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി എട്ടു ശതമാനം തോതിൽ വർധിച്ചതായി ചൈനീസ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. ഉക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ അകന്നു നിൽക്കുന്നതിനാൽ കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ വാങ്ങാനുള്ള അവസരം ചൈനീസ് റിഫൈനറികൾ പ്രയോജനപ്പെടുത്തുകയായിരുന്നു. 2022 ൽ 8.625 കോടി ടൺ ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് ചൈന ഇറക്കുമതി ചെയ്തത്. പ്രതിദിനം ശരാശരി 17.2 ലക്ഷം ബാരൽ എന്ന തോതിൽ റഷ്യയിൽ നിന്ന് ചൈന എണ്ണ ഇറക്കുമതി ചെയ്തു.
കഴിഞ്ഞ ഡിസംബർ അഞ്ചു മുതൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണക്ക് ബാധകമാക്കിയ ഉപരോധം അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ചൈന വർധിപ്പിച്ചു. ഡിസംബറിൽ റഷ്യയിൽ നിന്ന് 64.7 ലക്ഷം ടൺ എണ്ണ ചൈന ഇറക്കുമതി ചെയ്തു. പ്രതിദിനം ശരാശരി 15.2 ലക്ഷം ബാരൽ എന്ന തോതിൽ ഡിസംബറിൽ റഷ്യയിൽ നിന്ന് ചൈന  എണ്ണ ഇറക്കുമതി ചെയ്തു. 2021 ഡിസംബറിൽ പ്രതിദിനം ശരാശരി 17 ലക്ഷം ക്രൂഡ് ഓയിൽ തോതിലാണ് റഷ്യയിൽ നിന്ന് ചൈന വാങ്ങിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സർക്കാർ പിന്തുണയുള്ള ചൈനീസ് റിഫൈനറികൾ നവംബർ മുതൽ റഷ്യൻ എണ്ണ വാങ്ങുന്നത് ക്രമാനുഗതമായി കുറച്ചിട്ടുണ്ട്. എന്നാൽ മധ്യവർത്തികൾ മുഖേന സ്വതന്ത്ര റിഫൈനറികൾ വലിയ തോതിൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നു. മധ്യവർത്തികൾ മുഖേന വാങ്ങുന്നതിനാൽ പാശ്ചാത്യ ശിക്ഷ നടപടികൾ ഒഴിവാക്കാൻ സ്വതന്ത്ര റിഫൈനറികൾക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ വർഷം മലേഷ്യയിൽ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഏകദേശം ഇരട്ടിയായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
2022 ൽ 3.568 കോടി ടൺ എണ്ണയാണ് മലേഷ്യയിൽ നിന്ന് ചൈന ഇറക്കുമതി ചെയ്തത്. പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാനിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള എണ്ണയാണ് മലേഷ്യ വഴി ചൈന ഇറക്കുമതി ചെയ്യുന്നത്.
കഴിഞ്ഞ വർഷം വെനിസ്വേലയിൽ നിന്ന് ചൈന നേരിട്ട് എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. എന്നാൽ ഇറാനിൽ നിന്ന് 7,80,392 ടൺ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതായും കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യ സന്ദർശിച്ച് സൗദി നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ വരും കാലത്തും ചൈനക്ക് ഏറ്റവുധികം എണ്ണ നൽകുന്ന രാജ്യമായി സൗദി അറേബ്യ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോളറിനു പകരം ചൈനീസ് കറൻസിയായ യുവാൻ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുമെന്ന് ചൈനീസ് പ്രസിഡന്റ് ഗൾഫ് നേതാക്കളെ അറിയിച്ചിരുന്നു.

Tags

Latest News