സൗദി അറാറിൽ 73 വർഷം മുമ്പ് സ്ഥാപിച്ച പെട്രോൾ പൈപ്പ്‌ലൈൻ പൊളിച്ചുനീക്കുന്നു

അറാർ - ഉത്തര അതിർത്തി പ്രവിശ്യയിലൂടെ കടന്നുപോകുന്ന, 73 വർഷം മുമ്പ് സ്ഥാപിച്ച പെട്രോൾ പൈപ്പ്‌ലൈൻ സൗദി അറാംകൊ പൊളിച്ചുനീക്കാൻ തുടങ്ങി. കിഴക്കൻ സൗദിയിലെ ബഖീഖിൽ നിന്ന് മരുഭൂമിയിലൂടെ ലെബനോനിലെ സൈദാ തുറമുഖത്ത് എണ്ണ എത്തിക്കുന്നതിൽ നാലു ദശകക്കാലം വലിയ പങ്കുവഹിച്ച പൈപ്പ്‌ലൈൻ പൊളിച്ചുനീക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നു. 33 വർഷം മുമ്പ് 1990 ൽ ഈ പൈപ്പ്‌ലൈൻ വഴി എണ്ണ നീക്കം ചെയ്യുന്നത് അറാംകൊ നിർത്തിവെച്ചിരുന്നു. 
കിഴക്കൻ സൗദിയിലെ എണ്ണപ്പാടങ്ങളെ മധ്യധരണ്യാഴിയുമായി ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈന് 1,648 കിലോമീറ്റർ നീളമാണുള്ളത്. സൗദിയിലെ ആദ്യത്തെ വ്യാവസായിക പൈതൃക സ്ഥലമായി പൈപ്പ്‌ലൈൻ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. പൈപ്പ്‌ലൈനിൽ ജോലി ചെയ്ത എല്ലാവരുടെയും ഹൃദയത്തിലും ചരിത്രത്തിലും ഇത് സ്ഥാനം പിടിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള പുനർനിർമാണ ശ്രമങ്ങളിലും ഉത്തര സൗദിയുടെ വികസനത്തിലും സൗദി അറാംകൊയുടെ അഭിവൃദ്ധിയിലും ഈ പൈപ്പ്‌ലൈൻ വലിയ പങ്ക് വഹിച്ചു. 
ലോകത്തെ ഏറ്റവും വലിയ എണ്ണ പൈപ്പ്‌ലൈൻ എന്നോണം 1950 ൽ ആണ് ഈ പൈപ്പ്‌ലൈൻ പ്രവർത്തിപ്പിച്ചു തുടങ്ങിയത്. അറേബ്യൻ ഉൾക്കടൽ തീരത്തെ ബഖീഖിൽ നിന്ന് മധ്യധരണ്യാഴിയിൽ ലെബനോനിലെ സൈദാ തുറമുഖത്തേക്ക് ബില്യൺ കണക്കിന് ബാരൽ എണ്ണ ഈ പൈപ്പ്‌ലൈൻ വഴി നീക്കം ചെയ്തു. പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലികളിൽ 16,110 തൊഴിലാളികൾ പങ്കാളിത്തം വഹിച്ചു. പൈപ്പ്‌ലൈൻ ആദ്യമായി നിറക്കാൻ 50 ലക്ഷം ബാരൽ എണ്ണ വേണ്ടിവന്നു. പ്രവർത്തിപ്പിച്ചു തുടങ്ങിയ ആദ്യ വർഷം പൈപ്പ്‌ലൈൻ വഴി 27.8 കോടി ബാരൽ എണ്ണ നീക്കം ചെയ്തതായും സൗദി അറാംകൊ പറഞ്ഞു.

Tags

Latest News