VIDEO ഫലമില്ലാത്ത വാക്സിൻ, ലോകത്തോട് മാപ്പ് പറയുമോ; ഫൈസര്‍ മേധാവിയെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍

ഡാവോസ്- കോവിഡിനെതിരായ വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഔഷധ നിര്‍മാണ കമ്പനിയായ ഫൈസറിന്റെ മേധാവി ഒഴിഞ്ഞുമാറുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലായി.
യുഎസ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗര്‍ലയാണ് മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ലോക സാമ്പത്തിക ഫോറം വേദിക്കുപുറത്താണ് കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഫൈസര്‍ മേധാവി കടുത്ത ചോദ്യങ്ങള്‍ നേരിട്ടത്. എന്നാല്‍ അദ്ദേഹം ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് അവഗണിക്കുന്നതാണ് വീഡിയോ.
റിബല്‍ ന്യൂസ് റിപ്പോര്‍ട്ടര്‍മാരായ എസ്ര ലെവന്റ്, അവി യെമിനി എന്നിവര്‍ ഫൈസര്‍ സിഇഒയോട് പ്രകോപിപ്പിക്കുന്ന നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഫൈസര്‍ വികസിപ്പിച്ച വാക്‌സിന്‍ കോവിഡ് വൈറസ് പടരുന്നത്  തടയില്ല എന്ന വസ്തുത നിര്‍മ്മാതാവ് രഹസ്യമാക്കി വെച്ചത് എന്തുകൊണ്ടാണെന്ന്  സിഇഒയോട് ആവര്‍ത്തിച്ചു ചോദിച്ചു.  ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ റിബല്‍ ന്യൂസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
നിങ്ങള്‍ ആദ്യം പറഞ്ഞു. ഇത് 100 ശതമാനം ഫലപ്രദമാണ്, പിന്നെ 90 ശതമാനം, പിന്നെ 80 ശതമാനം, പിന്നെ 70 ശതമാനം. എന്നാല്‍ വാക്‌സിനുകള്‍ കോവഡി തടയില്ലെന്ന് അറിയാമായിരുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ അത് രഹസ്യമായി സൂക്ഷിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു.
'വളരെ നന്ദി' എന്നും 'ഒരു നല്ല ദിനം ആശംസിക്കുന്നു' എന്നും മാത്രം പറഞ്ഞുകൊണ്ട് ഫൈസര്‍ മേധാവി ഈ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.
ചോദ്യങ്ങള്‍ അവഗണിച്ചിട്ടും റിപ്പോര്‍ട്ടര്‍മാര്‍ ഫൈസര്‍ മേധാവിയെ  പിന്തുടരുകയായിരുന്നു. മറ്റൊരു ചോദ്യത്തില്‍, ലോകത്തോട് മാപ്പ് പറയേണ്ട സമയമായോ, ഫലം നല്‍കാത്ത വാക്‌സിനുകള്‍ വാങ്ങിയ രാജ്യങ്ങള്‍ക്ക് റീഫണ്ട് നല്‍കുമോ തുടങ്ങിയെ ചോദ്യങ്ങളും ഉന്നയിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷമായി നിങ്ങള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് നാണമില്ലേ?-യെമിനി ചോദിച്ചു.
യുഎസ് ഔഷധ നിര്‍മാതാക്കളായ ഫൈസറും അതിന്റെ ജര്‍മന്‍ പങ്കാളിയായ ബയോണ്‍ടെകും ചേര്‍ന്ന് നിര്‍മ്മിച്ച കൊറോണ വൈറസ് വാക്‌സിനെ പക്ഷാഘാതവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനിയിട്ടില്ലെന്ന്  ഇസ്രായില്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഫൈസര്‍ മേധാവി ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന വീഡിയോ വന്‍തോതിലാണ് പ്രചരിക്കുന്നത്. ലക്ഷങ്ങളാണ് അത് കണ്ടത്.
നഷ്ടപരിഹാര വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഫൈസര്‍ നമ്മുടെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കാര്യം എല്ലാ ഇന്ത്യക്കാരെയും ഓര്‍മിപ്പിക്കുന്നുവെന്നാണ്
ഡാവോസില്‍ ഫൈസര്‍ സിഇഒ നേരിട്ട ഏറ്റുമുട്ടലിന്റെ വീഡിയോ സഹിതം കേന്ദ്ര വിവര സാങ്കേതിക സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തത്.

 

Latest News