റിയാദ് - ഫ്രഞ്ച് ക്ലബ്ബ് ആയ പാരീസ് സെന്റ് ജെർമെയ്‌നും സൗദിയിലെ അന്നസ്ർ, അൽഹിലാൽ ക്ലബ്ബുകളിലെ മുൻനിര താരങ്ങളും ഏറ്റുമുട്ടിയ റിയാദ് സീസൺ കപ്പ് മത്സരത്തിന്റെ ഗോൾഡൻ ടിക്കറ്റ് രണ്ടര കോടി റിയാൽ നൽകി സ്വന്തമാക്കാനും താൻ ഒരുക്കമായിരുന്നെന്ന് വാശിയേറിയ ലേലത്തിലൂടെ ഒരു കോടി റിയാലിന് ടിക്കറ്റ് സ്വന്തമാക്കിയ പ്രമുഖ വ്യവസായി മുശറഫ് അൽഗാംദി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കാൻ ആഗ്രഹിച്ചാണ് താൻ ലേലത്തിൽ പങ്കെടുത്തത്. മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർ ഉയർന്ന തുകകൾ വാഗ്ദാനം ചെയ്തതോടെ തന്റെ ആവേശം വർധിക്കുകയായിരുന്നു. ലേലത്തിൽ മൂന്നു കോടി റിയാൽ വരെ ടിക്കറ്റിന് ലഭിക്കുമെന്നാണ് താൻ കരുതിയിരുന്നത്. രണ്ടര കോടി റിയാൽ വരെ വാഗ്ദാനം ചെയ്യാൻ താൻ ഒരുക്കമായിരുന്നു. ബിസിനസിന്റെ തിരക്കുകളിലായതിനാൽ സൗദിയിലെ ഫുട്‌ബോൾ മത്സരങ്ങളിൽ താൻ കാര്യമായി ശ്രദ്ധിക്കാറില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും നേരിട്ട് കണ്ടപ്പോൾ സന്തോഷം തോന്നി.
ഒരു കോടി റിയാലിന് ഗോൾഡൻ ടിക്കറ്റ് സ്വന്തമാക്കിയ ശേഷം തൊട്ടടുത്ത ദിവസം ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് തന്റെ സ്വകാര്യ ഫാമിൽ തന്നെ സ്വീകരിച്ചു. ചാമ്പ്യന്മാർക്ക് ലഭിക്കുന്ന സ്വീകരണമാണ് തനിക്ക് ലഭിച്ചത്. പിന്നീട് തുർക്കി ആലുശൈഖിന്റെ വീട്ടിലും തന്നെ സ്വീകരിച്ചു. ഈ ചടങ്ങിൽ അന്നസ്ർ, അൽഹിലാൽ ക്ലബ്ബ് ടീമുകളും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉണ്ടായിരുന്നു. രണ്ടാമത്തെ ദിവസം റിയാദ് വിമാനത്താവളത്തിൽ വെച്ച് പാരീസ് സെന്റ് ജെർമെയ്ൻ ടീമിനെ സ്വീകരിക്കുന്നതിലും താൻ പങ്കാളിത്തം വഹിച്ചു. ശേഷം ഹോട്ടലിൽ വെച്ച് തങ്ങളെല്ലാവരും ഉച്ച ഭക്ഷണം കഴിച്ചു. പിന്നീട് തങ്ങൾ മത്സരം നടന്ന കിംഗ് ഫഹദ് സ്റ്റേഡിയത്തിലെ പ്രത്യേക ഗ്യാലറിയിലേക്ക് പോവുകയും മത്സരം വീക്ഷിക്കുകയും കപ്പ് സമ്മാന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തതായി മുശറഫ് അൽഗാംദി പറഞ്ഞു.
ടിക്കറ്റ് ലേലത്തിലൂടെ ആകെ 1.2 കോടി റിയാൽ ലഭിച്ചതായി തുർക്കി ആലുശൈഖ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലേലത്തിൽ ആദ്യമായി പങ്കെടുത്ത് ടിക്കറ്റിന് 25 ലക്ഷം റിയാൽ ഓഫർ ചെയ്ത വ്യവസായി അബ്ദുൽ അസീസ് ബഗ്‌ലഫ് 20 ലക്ഷം റിയാൽ സംഭാവന ചെയ്തതോടെയാണിത്. ടിക്കറ്റിനു വേണ്ടി നടന്ന പത്തു ദിവസത്തോളം നീണ്ട വാശിയേറിയ ലേലത്തിൽ മുശറഫ് അൽഗാംദി ദിവസങ്ങൾക്കു മുമ്പ് ഒരു കോടി റിയാൽ ഓഫർ ചെയ്തിരുന്നു. ലേലം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുണ്ടായിട്ടും മറ്റാരും ഇതിൽ ഉയർന്ന തുക വാഗ്ദാനം ചെയ്ത് മുന്നോട്ടുവരാത്തതിനെ തുടർന്നാണ് മുശറഫ് അൽഗാംദി ഓഫർ ചെയ്ത തുകക്ക് ടിക്കറ്റ് ഉറപ്പിച്ചത്.
ഈ വർഷത്തെ റിയാദ് സീസൺ ശീർഷകം ആയ സങ്കൽപത്തിനും അപ്പുറം എന്ന പേരിട്ടാണ് ഗോൾഡൻ ടിക്കറ്റ് വിൽപനക്ക് ലേലം സംഘടിപ്പിച്ചത്. ഗോൾഡൻ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കു തുക മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിന് കൈമാറുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖ് അറിയിച്ചിരുന്നു.






