പോലീസിനെ വിളിച്ചറിയിച്ച്  യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം-പോലീസിനെ വിളിച്ചറിയിച്ചതിന് ശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് (28) ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്‌നത്തില്‍ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തുവെന്നായിരുന്നു യുവാവിന്റെ ആരോപണം. തൊടുപുഴ പോലീസിനെതിരെയായിരുന്നു യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി പത്തുമണിയ്ക്ക് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ചതിന് ശേഷമാണ് അമല്‍ജിത്ത് തൂങ്ങിമരിച്ചത്.
തൊടുപുഴ സ്വദേശിനിയാണ് അമല്‍ജിത്തിന്റെ ഭാര്യ. ഇത് യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. ഇവര്‍ ഗര്‍ഭിണിയായിരിക്കേ ആദ്യഭര്‍ത്താവ് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് യുവാവ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതില്‍ കേസെടുത്തതിനെ തുടര്‍ന്ന് അമല്‍ജിത്ത് 49 ദിവസം ജയിലിലായിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 13ന് തൊടുപുഴ പോലീസാണ് യുവാവിനെതിരെ കേസെടുത്തത്. ഇതിന് ശേഷം മാനസികവിഭ്രാന്തിയുണ്ടെന്ന് പറഞ്ഞ് കോടതിയുടെ നിര്‍ദേശപ്രകാരം പതിനഞ്ച് ദിവസത്തോളം ഇയാളെ കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയച്ചു. ഭാര്യയുടെ ആദ്യ ഭര്‍ത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചുവെന്നാണ് അമല്‍ജിത്ത് ആരോപിക്കുന്നത്.
തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോള്‍ ആണിതെന്ന് അമല്‍ജിത്ത് പോലീസിനോട് പറയുന്നുണ്ട്. തനിക്ക് അവസാനമായി പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കണം. പോലീസ് കള്ളക്കേസ് തലയില്‍ കെട്ടിവച്ചു. അതിനാല്‍ മരിക്കാന്‍ പോവുകയാണ്. ഇത് തന്റെ മരണമൊഴിയായി കണക്കാക്കണമെന്നും താന്‍ മരണത്തിന് കീഴടങ്ങുകയാണെന്നും അമല്‍ജിത്ത് പോലീസിനോട് പറയുന്ന സംഭാഷണം പുറത്തുവന്നിരിക്കുകയാണ്. പോലീസ് ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഫോണ്‍ സംഭാഷണം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതിന് ശേഷമാണ് അമല്‍ജിത്ത് തൂങ്ങിമരിച്ചത്.
 

Latest News