ന്യൂദല്‍ഹി- ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). 2047ഓടെ രാജ്യത്ത് ഇസ്‌ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പിഎഫ്‌ഐ പ്രവര്‍ത്തിച്ചതെന്ന്, കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ പറഞ്ഞു.
സമൂഹത്തില്‍ ഭീതിയുണ്ടാക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചിരുന്നത്. ഇസ്‌ലാമിക ഭരണം എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പിഎഫ്‌ഐ സര്‍വീസ് ടീമും കില്ലര്‍ ടീമും രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയാണ് സര്‍വീസ് ടീമിന്റെ ചുമതല. കൊലപാതകമുള്‍പ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലര്‍ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 26നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 20 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ആറുപേര്‍ ഒളിവിലാണ്.