ജിദ്ദ- കെ.എം.സി.സി ഏരിയാ സമ്മേളനങ്ങൾ പരിസമാപ്തിയിലേക്ക് കടക്കുന്നു. 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' എന്ന ശീർഷകത്തിൽ ജിദ്ദയിൽ നടന്നുവരുന്ന കെ.എം.സി.സിയുടെ മെമ്പർഷിപ് കാമ്പയിന്റെ അവസാന ഘട്ടമായ ഏരിയാ സമ്മേളനങ്ങൾ അതിന്റെ ആവേശകരമായ പരിസമാപ്തിയിലേക്ക് കടക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു.
സംഘടനാ ശക്തി വിളിച്ചോതുന്ന രൂപത്തിലായിരുന്നു ഓരോ സമ്മേളങ്ങളും സംഘടിപ്പിക്കപ്പെട്ടത്. കണിശവും സമയബന്ധിതവുമായ കാമ്പയിൻ നാട്ടിലെ സമാനമായ വ്യവസ്ഥാപിത സംവിധാനങ്ങൾ പോലെ ശാസ്ത്രീയമായും അടുക്കും ചിട്ടയോടും കൂടി നടപ്പിലാക്കി. നാട്ടിലേക്ക് തിരിച്ചുപോയ നൂറുകണക്കിന് പ്രവർത്തകരുടെ ബദലായി പുതുതായി കടന്നുവന്ന ആയിരങ്ങൾ ഈ സംഘ ശക്തിക്ക് കരുത്ത് പകർന്നു. പൊളിക്കപ്പെട്ട ഏരിയകൾ ഒഴിവാക്കി പുതുതായി അനേകം ഏരിയകൾ രൂപീകരിച്ച് സമ്മേനങ്ങൾ മുന്നോട്ടുപോയി.
സാധാരണക്കാരായ മലയാളിയുടെ ആശ്രയവും പ്രതീക്ഷയുമാണ് കെ.എം.സി.സി എന്ന് തെളിയിക്കപ്പെട്ടു. കോവിഡ് കാലമുൾപ്പെടെ പ്രവാസിയുടെ പ്രയാസ സമയങ്ങളിൽ ഓടിയെത്തുന്ന സാർഥവാഹക സംഘത്തിന് മലയാളിയുടെ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കപ്പെടുന്നതിന്റെ ഉത്തമ തെളിവുകളായിരുന്നു മെമ്പർഷിപ് കാമ്പയിൻ കാലയളവിൽ കാണാൻ സാധിച്ചതെന്ന് അവർ പറഞ്ഞു. ജിദ്ദയിലെ പ്രമുഖ ആശുപത്രിയിലെ വിദഗ്ധനായ ഡോ.ബിന്യാമിൻ അംഗത്വമെടുത്തു കൊണ്ടാണ് കാമ്പയിൻ ആരംഭിച്ചത്.
റിഹാബ്, റുവൈസ് കമ്മിറ്റികളാണ് ആദ്യം സമ്മേളനങ്ങൾ സംഘടിപ്പിച്ചത്. സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധയാകർഷിച്ച ഈ രണ്ടു സമ്മേളനങ്ങളുടെയും ചുവടുപിടിച്ചു നടന്ന മറ്റ് ഏരിയാ സമ്മേളങ്ങൾ ജിദ്ദയിലെ കെ.എം.സി.സി സംഘടനാ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളായി മാറി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സദസ്സുകൾ കലാ പ്രകടനങ്ങൾക്കും കായിക മത്സരങ്ങൾക്കും കൂടി വേദിയായി. ചിലയിടങ്ങളിൽ പാതിരാ വരെ നീണ്ടുനിന്ന സമ്മേളനങ്ങളായിരുന്നു. സെൻട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നിയോഗിച്ച വരണാധികാരികളും നിരീക്ഷകന്മാരും സമ്മേളനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തീർത്തും ഐക്യത്തോടെയും ആരോഗ്യപരമായുമുള്ള തെരഞ്ഞെടുപ്പുകളായിരുന്നു ഓരോ ഏരിയകളിലും നടന്നത്.
പ്രമേയ വിശദീകരണം, കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരണം, ചർച്ച പിന്നീട് ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിങ്ങനെയായിരുന്നു സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ. ജനകീയവും സുതാര്യവുമായിരുന്നു ഓരോ സമ്മേളനങ്ങളും. അതാത് ഏരിയകളിൽ നിന്നും മെമ്പർഷിപ് എടുക്കപ്പെട്ട എല്ലാ പ്രവർത്തകരെയും ഏരിയാ സംഗമങ്ങളിലേക്ക് ക്ഷണിച്ചു. ആയിരത്തോളം മെമ്പർമാരുള്ള റുവൈസ് ഉൾപ്പെടെ അഞ്ഞൂറ് പേരിലധികമുള്ള ഏരിയാ കമ്മിറ്റികൾ അനവധിയാണ്. മലയാളികളുടെ കേന്ദ്രമായ ഷറഫിയ കേന്ദ്രീകരിച്ച് ഏഴോളം ഏരിയാ കമ്മിറ്റികളുണ്ട്. ഭൂമിശാസ്ത്രപരമായ അതിരുകൾ നിശ്ചയിച്ചു വളരെ വ്യവസ്ഥാപിത രീതിയിൽ തന്നെയാണ് ഏരിയാ കമ്മിറ്റികൾ ക്രമീകരിച്ചിട്ടുള്ളത്. മുത്തശ്ശി നഗരത്തിന്റെ കേന്ദ്ര ഭൂമിയായ ബലദിൽ അംഗങ്ങളായവരിൽ ഭൂരിഭാഗമാവും യുവാക്കളും പുതിയവരുമാണ്. ഇനിയുള്ള മൂന്നു വർഷക്കാലം ജിദ്ദയിലെ ജീവകാര്യണ്യ, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുക്കാൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഈ ടീമുകളിൽ നിക്ഷിപ്തമാണ്. നാട്ടിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്ററുകൾ അടക്കമുള്ള ജീവകാരുണ്യ പ്രസ്ഥാനങ്ങൾ, ആയിരക്കണക്കിന് പ്രവാസികളുടെ കരുതലായി മാറിയ സുരക്ഷാ പദ്ധതി അടക്കം ഒട്ടനേകം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ഏരിയയുടെ പ്രധാന കർത്തവ്യങ്ങളാണ്. അതോടൊപ്പം മറ്റ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ, ചരിത്ര പഠന ക്ലാസുകൾ, കലാ പരിപാടികൾ, ഫുട്ബോൾ മേള അടക്കമുള്ള കായിക വിനോദങ്ങൾ തുടങ്ങിയ ഒട്ടനേകം പരിപാടികൾക്കും നേതൃത്വം കൊടുക്കും. ഹജിനെത്തുന്ന ആയിരക്കണക്കിന് ഹാജിമാർക്ക് സഹായമേകുന്ന ഹജ് സെൽ പ്രവർത്തനങ്ങൾക്കു വേണ്ട വളണ്ടിയർമാരെ നൽകുന്നതിലും ഓരോ ഏരിയാ കമ്മിറ്റികളും കൃത്യമായ പങ്കു വഹിക്കും. കെ.എം.സി.സി ഏരിയാ സമ്മേളനങ്ങൾ സമാപിക്കുന്നതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി പറഞ്ഞു.






