എട്ടാമത് ഫാൽക്കൺ ഫെസ്റ്റിവലിന് തുറൈഫിൽ തകൃതിയായ ഒരുക്കങ്ങൾ

തുറൈഫ്- സൗദി വിനോദ സഞ്ചാര വകുപ്പും തുറൈഫ് നഗരസഭയും സംയുക്തമായി നടത്തി വരാറുള്ള അന്താരാഷ്ട്ര ഫാൽക്കൺ ഫെസ്റ്റിവലിന് തയാറെടുപ്പുകൾ ആരംഭിച്ചു. എട്ടാമത് ഫാൽക്കൺ ഫെസ്റ്റിവലിന് ഉത്സവാന്തരീക്ഷത്തിൽ തകൃതിയായ ഒരുക്കങ്ങളാണ് അധികൃതർ നടത്തുന്നത്.
ഇതിനായി തുറൈഫ് ഗവർണറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തുറൈഫ് എയർപോർട്ടിന് എതിർവശത്ത് മരുഭൂമിയിൽ വിശാലമായ ഗ്രൗണ്ടാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഫെസ്റ്റിവൽ കാലയളവിൽ വിവിധ കച്ചവട സ്റ്റാളുകൾ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ് നഗരസഭ. 
കോഫി ഷോപ്പ്, പാരമ്പര്യ വസ്തുക്കളുടെ പ്രദർശനം, ഭക്ഷണശാല ഉൾപ്പെടെ 34 സ്റ്റാളുകൾ ഉണ്ടായിരിക്കും. 
ഉത്തര അതിർത്തി പ്രവിശ്യയിൽ ഫാൽക്കൺ ഫെസ്റ്റിവലിന് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ എത്തുന്ന ഈ ദിവസങ്ങൾ അക്ഷരാർഥത്തിൽ ഇവിടെയുള്ളവർക്ക് ഉത്സവം തന്നെയാണ്. 
പ്രായ വ്യത്യാസം കൂടാതെ സ്വദേശികൾക്ക് ആസ്വദിക്കാവുന്ന സാംസ്‌കാരിക കലാ പ്രകടനങ്ങൾ അരങ്ങേറാറുണ്ട്. ഇമാറാത്ത്, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മത്സരാർഥികൾ എത്തും. 
ഈ സീസൺ തുറൈഫ് വ്യാപാര, വാണിജ്യ മേഖലയിൽ വൻ ഉണർവുണ്ടാക്കും.

Tags

Latest News