സംസ്‌കൃതി സാഹിത്യ പുരസ്‌കാരം പി.എച്ച് അബ്ദുല്ല മാസ്റ്റർക്ക് സമ്മാനിച്ചു

അസീർ- സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രതിഭകൾക്ക് നൽകി വരുന്ന സംസ്‌കൃതി പുരസ്‌കാരം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ പി.എച്ച് അബ്ദുല്ല മാസ്റ്റർക്ക് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. ഫലകവും അമ്പതിനായിരം രൂപയും അടങ്ങിയതാണ് ഈ വർഷത്തെ സംസ്‌കൃതി പുരസ്‌കാരം. മുൻ സൗദി പ്രവാസിയാണ്. 
വാഴയൂരിൽ നടന്ന ചടങ്ങിൽ ഖമീസ് മുഷൈത്ത് കെ.എം.സി.സി നേതാക്കളായ ബഷീർ മൂന്നിയൂർ, മുഹമ്മദ്കുട്ടി മാതാപ്പുഴ, സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി അംഗം ഇബ്രാഹിം മുഹമ്മദ്, എം.എ അസീസ് ചേളാരി, ഡോ. വി.പി അബ്ദുൽ ഹമീദ്, ഹനീഫ മൂന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു. എഴുത്തുകാരൻ, അധ്യാപകൻ, പ്രഭാഷകൻ, സംഘാടകൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി.എച്ച് അബ്ദുല്ല മാസ്റ്റർ കേരള മാപ്പിള കലാ അക്കാദമിയുടെ പ്രസിഡന്റാണ്. 
പത്തു വർഷം മുമ്പ് കാഴ്ചശക്തി പൂർണമായി നഷ്ടമായ ശേഷവും സ്വന്തം കർമ മണ്ഡലങ്ങളിൽ സജീവമാണ് അദ്ദേഹം. എം.എസ്.എഫ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ മകളാണ്.
മാപ്പിള കലകളെ പരിപോഷിപ്പിക്കുന്നതിനും ഈ രംഗത്ത് പ്രയാസമനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനുമായി 2001 ൽ മാപ്പിള കലാ രംഗത്തെ പ്രമുഖരെ ഉൾപെടുത്തി കേരള മാപ്പിള കലാ അക്കാദമി രൂപീകരണത്തിന് കാർമികത്വം വഹിച്ചു. 
നൂറോളം മാപ്പിളപ്പാട്ടുകളുടെയും ദേശഭക്തി ഗാനങ്ങളുടെയും രചയിതാവാണ്. സൗദിയിലെ ഹ്രസ്വമായ പ്രവാസ കാലത്തും സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. സയ്യിദ് മശ്ഹൂദ് തങ്ങൾ, മാലിക് മഖ്ബൂൽ, അഷ്‌റഫ് വേങ്ങാട്ട്, ജലീൽ കാവനൂർ, ഉസ്മാൻ കിളിയമണ്ണിൽ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അബു ഇരിങ്ങാട്ടിരി, ഷഹീറ നസീർ, രായിൻകുട്ടി നീറാട് എന്നിവരായിരുന്നു മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.
പുസ്തക ചർച്ചകൾ, സംവാദം, മാഗസിൻ, ശിൽപശാലകൾ, സംസ്‌കൃതി അവാർഡുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളുമായി അസീർ മേഖലയിലെ സാംസ്‌കാരിക ചലനങ്ങളെ കൂടുതൽ സജീവമാക്കുമെന്നും കെ.എം.സി.സി സംസ്‌കൃതി പ്രതിനിധികളായ മൊയ്തീൻ കട്ടുപ്പാറ, സിറാജ് വയനാട്, സലീം പന്താരങ്ങാടി, ജലീൽ കാവനൂർ, ഉസ്മാൻ കിളിയമണ്ണിൽ, നജീബ് തുവ്വൂർ എന്നിവർ അറിയിച്ചു.

Tags

Latest News