ജിദ്ദയിൽ വൻ വിദേശ മദ്യശേഖരം പിടികൂടി; വെയർ ഹൗസ് പൂട്ടിച്ചു

ജിദ്ദ- റെയ്ഡിനിടെ നഗരത്തിൽ വൻ വിദേശ മദ്യശേഖരവും അനധികൃത വെയർ ഹൗസും കണ്ടെത്തി. കിഴക്കൻ ജിദ്ദയിലെ അൽ തൈസീർ ഡിസ്ട്രിക്ടിൽ നിന്നാണ് വൻ വിദേശ മദ്യശേഖരം പിടികൂടിയത്. അനധികൃത വെയർ ഹൗസ് അധികൃതർ പൂട്ടിച്ചു.
അൽ തൈസീർ ഡിസ്ട്രിക്ടിൽ ജിദ്ദ നഗരസഭക്കു കീഴിലെ അബ്‌റുഖ് അൽ രിഗാമ ബലദിയയാണ് നിയമ വിരുദ്ധ കേന്ദ്രത്തിൽ റെയ്ഡ് നടത്തിയത്.
മദ്യം സൂക്ഷിക്കാനുള്ള വെയർ ഹൗസ് എന്നോണമാണ് അനധികൃത കേന്ദ്രം ദുരുപയോഗിച്ചിരുന്നത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സംയുക്തമായാണ് നിയമ വിരുദ്ധ വെയർ ഹൗസ് നഗരസഭാ സംഘം റെയ്ഡ് ചെയ്തത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത 636 കുപ്പി മദ്യം നിയമ വിരുദ്ധ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തതായും നിയമ വിരുദ്ധ കേന്ദ്രം ഇഖാമ, തൊഴിൽ നിയമ ലംഘകരാണ് പ്രവർത്തിപ്പിച്ചിരുന്നതെന്നും അബ്‌റുഖ് അൽരിഗാമ ബലദിയ മേധാവി ഖലീൽ ഹമൂദ് അൽ സഹ്‌റാനി പറഞ്ഞു. 

Tags

Latest News