ദമാം- ഇന്ത്യൻ എംബസിയും നവയുഗവും കൈകോർത്തതിനെ തുടർന്ന് നിയമക്കുരുക്കുകൾ അഴിച്ച് മദീനാ ബീവി (49) നാട്ടിലേക്കു മടങ്ങി. ആറു വർഷത്തെ പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാടുകൾ മറികടന്ന് നാട്ടിലേയ്ക്ക് മടങ്ങാൻ തമിഴ്നാട് സ്വദേശിനിയ്ക്ക് ഒടുവിൽ ഇന്ത്യൻ എംബസിയും, നവയുഗം സാംസ്‌കാരിക വേദിയും തുണയാവുകയായിരുന്നു.
ആറു വർഷം മുമ്പാണ് മദീനാ ബീവി റിയാദിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. എന്നാൽ സ്‌പോൺസർ അവർക്ക് ഇഖാമ എടുത്തു കൊടുക്കുകയോ, ശമ്പളം സമയത്തു നൽകുകയോ ചെയ്തില്ല. ശമ്പള കുടിശ്ശിക ഒരു വർഷത്തിലധികമായപ്പോൾ ഗതികെട്ട് അവർ ആ വീട്ടിൽ നിന്നും ഒളിച്ചോടി, റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു. എംബസി ഷെൽട്ടറിൽ രണ്ടു മാസം കിടന്നെങ്കിലും മദീനാ ബീവിയുടെ കാര്യത്തിൽ പരിഹാരം ഉണ്ടായില്ല. ഇഖാമ എടുത്തിട്ടില്ലാത്തതിനാലും, ഹുറൂബ് അല്ലാത്തത് കൊണ്ടും ഫൈനൽ എക്‌സിറ്റ് ലഭിയ്ക്കുന്നതിൽ നിയമ തടസ്സം നേരിട്ടു.
തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ ദമാം നവയുഗം വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, മദീനയ്ക്ക് ദമാമിൽ ഫൈനൽ എക്‌സിറ്റ് കിട്ടാനുള്ള ശ്രമം നടത്താൻ ആവശ്യപ്പെട്ടു. മഞ്ജുവിന്റെ നിർദേശമനുസരിച്ച് എംബസി മദീനാ ബീവിയെ ദമാമിലേയ്ക്ക് അയച്ചു. മഞ്ജു മദീനാ ബീവിയെ പോലീസിൽ കൊണ്ടുപോയി റിപ്പോർട്ട് ചെയ്ത ശേഷം, ദമാം വനിതാ അഭയ കേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി.
രണ്ടു മാസം നീണ്ട നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിൽ, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ മദീനയ്ക്ക് ഫൈനൽ എക്‌സിറ്റ് അടിച്ചു കിട്ടിയതോടെ ഇന്ത്യൻ എംബസി അധികൃതർ തന്നെ അവർക്ക് വിമാന ടിക്കറ്റ് എടുത്തു നൽകുകയും ചെയ്തു. മറ്റെല്ലാ നിയമ നടപടികളും പൂർത്തിയാക്കി മദീനാ ബീവി എല്ലാവരോടും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം നാട്ടിലേയ്ക്കു മടങ്ങി.






