മയക്കുമരുന്ന് ശേഖരവുമായി അഞ്ചുപേർ അറസ്റ്റിൽ

അബഹ - മയക്കുമരുന്ന് ശേഖരവുമായി അഞ്ചു പേരെ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സുരക്ഷ വകുപ്പുകൾ അറസ്റ്റ് ചെയ്തു. അസീർ പ്രവിശ്യയിൽ പെട്ട ബീശയിൽ മയക്കുമരുന്ന് ശേഖരവുമായി രണ്ടു സുഡാനികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ ഒളിപ്പിച്ച 16 കിലോ ഹഷീഷ് കണ്ടെത്തി. തുടർനടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അസീർ പോലീസ് അറിയിച്ചു. 
അൽഹസയിൽ മയക്കുമരുന്നുമായി രണ്ടു പാക്കിസ്ഥാനികളെ പട്രോൾ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ 214 ഗ്രാം ലഹരി മരുന്ന് കണ്ടെത്തി. തുടർ നടപടികൾക്ക് തൊണ്ടി സഹിതം പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു. 
മറ്റൊരു സംഭവത്തിൽ, മയക്കുമരുന്ന് ശേഖരവുമായി സൗദി പൗരനെ ജിസാൻ പ്രവിശ്യയിൽ പെട്ട അൽദായിറിൽ നിന്ന് സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. വാഹനത്തിൽ ഒളിപ്പിച്ച് 46 കിലോ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്. സംശയം തോന്നി സൗദി പൗരന്റെ കാർ സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 

Tags

Latest News