അസീർ - അസീർ പ്രവിശ്യക്ക് കിഴക്ക് ഖമീസ് മുഷൈത്തിലെ അൽഹഫായിറിൽ സ്‌കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിക്കുകയും 20 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ് ഡ്രൈവർക്കും രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. റെഡ് ക്രസന്റ് പ്രവർത്തകർ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് നീക്കി.
അപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സകൾ ഉറപ്പു വരുത്താൻ അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ നിർദേശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ വിവരങ്ങൾ ഗവർണർ അന്വേഷിച്ചറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ച് ആരോഗ്യനില നിരീക്ഷിക്കാനും ആവശ്യമായ പിന്തുണകളും സഹായങ്ങളും നൽകാനും ഖമീസ് മുഷൈത്ത് ഗവർണറോടും അസീർ ആരോഗ്യ വകുപ്പ് ആക്ടിംഗ് മേധാവിയോടും ഖമീസ് മുഷൈത്ത് പോലീസ് മേധാവിയോടും കൺസൾട്ടിംഗ് മെഡിക്കൽ സംഘത്തോടും അസീർ ഗവർണർ നിർദേശിച്ചു.






