- മസ്ജിദ് ഇമാം അടക്കം കുടുംബത്തിലെ ഏഴ് പേർ വാഹനാപകടത്തിൽ മരിച്ചു
ജിദ്ദ - മക്ക പ്രവിശ്യയിൽ പെട്ട ഖുൻഫുദയിൽ അഹദ് ബനീസൈദ് ജുമാ മസ്ജിദ് ഇമാമും ഖത്തീബുമായ ശൈഖ് ജാബിർ ബിൻ അഹ്മദ് അൽബുസൈസിയുടെ മരണത്തിൽ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അനുശോചനം അറിയിച്ചു. ഉംറ നിർവഹിക്കാൻ മക്കയിലേക്ക് പോകുന്നതിനിടെ ശൈഖ് ജാബിറും ഏഴംഗ കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ ശൈഖ് ജാബിർ അൽബുസൈസിയും മുഴുവൻ കുടുംബാംഗങ്ങളും മരണപ്പെട്ടു. വിശുദ്ധ ഹറമിൽ മയ്യിത്ത് നമസ്‌കാരം പൂർത്തിയാക്കി മയ്യിത്തുകൾ മക്ക അൽശുഹദാ ഖബർസ്ഥാനിൽ മറവു ചെയ്തു.
ശൈഖ് ജാബിർ അൽബുസൈസിയുടെ പിതാവുമായും സഹോദരങ്ങളുമായും അഹദ് ബനീസൈദ് ഗോത്ര നേതാവുമായും ഫോണിൽ ബന്ധപ്പെട്ടാണ് ശൈഖ് ജാബിർ അൽബുസൈസിയുടെയും കുടുംബാംഗങ്ങളുടെയും അപ്രതീക്ഷിത വിയോഗത്തിൽ ഇസ്‌ലാമികകാര്യ മന്ത്രി അനുശോചനം അറിയിച്ചത്. ശൈഖ് ജാബിർ അൽബുസൈസിയുടെ പിതാവ് ശൈഖ് അഹ്മദ് ബിൻ അബ്ദുല്ല അൽബുസൈസിയും ഭാര്യ പിതാവ് ശൈഖ് അലി ബർകൂത് അൽസുഹൈലിയും അഹദ് ബനീസൈദ് ഗോത്ര നേതാവ് ശൈഖ് അവദ് ബിൻ സുലൈമാൻ ബിൻ ഖിദ്‌റും ഇസ്‌ലാമികകാര്യ മന്ത്രിക്ക് നന്ദി പറഞ്ഞു. ഖുൻഫുദയിലെ ഏറ്റവും പഴയ ഇമാമായിരുന്നു ശൈഖ് ജാബിർ അൽബുസൈസി. 35 വർഷം മുമ്പാണ് ഇദ്ദേഹം ഖുതുബ നിർവഹിക്കാൻ തുടങ്ങിയത്. 23 വർഷം മുമ്പ് അഹദ് ബനീസൈദ് ജുമാ മസ്ജിദിൽ ഇമാമും ഖത്തീബുമായി ഇസ്‌ലാമികകാര്യ മന്ത്രാലയം ഔദ്യോഗികമായി നിയമിച്ചു.






