റിയാദ് - അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപങ്ങൾ സൗദി അറേബ്യ ഉയർത്തി. നവംബർ അവസാനത്തെ കണക്കുകൾ പ്രകാരം അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ 121.4 ബില്യൺ ഡോളർ (455.3 ബില്യൺ റിയാൽ) ആയാണ് ഉയർത്തിയത്. ഒക്‌ടോബർ അവസാനത്തിൽ ഇത് 120.7 ബില്യൺ ഡോളർ (452.6 ബില്യൺ റിയാൽ) ആയിരുന്നു. ഒരു മാസത്തിനിടെ അമേരിക്കൻ ട്രഷറി മന്ത്രാലയ ബോണ്ടുകളിൽ സൗദി അറേബ്യ 70 കോടി ഡോളറിന്റെ അധിക നിക്ഷേപം നടത്തി. ബോണ്ട് നിക്ഷേപങ്ങളിൽ നവംബറിൽ 0.6 ശതമാനം വളർച്ചയാണുണ്ടായത്.
ഒരു വർഷത്തിനിടെ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ 4.2 ശതമാനം തോതിൽ വർധിച്ചു. 2021 നവംബറിൽ യു.എസ് ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ 116.5 ബില്യൺ ഡോളറായിരുന്നു. ഒരു കൊല്ലത്തിനിടെ യു.എസ് ബോണ്ടുകളിൽ സൗദി അറേബ്യ 4.9 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപങ്ങൾ നടത്തി.
അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങളിൽ 103.4 ബില്യൺ ഡോളർ ദീർഘകാല നിക്ഷേപങ്ങളാണ് (85 ശതമാനം). 18 ബില്യൺ ഡോളർ ഹ്രസ്വകാല നിക്ഷേപങ്ങളാണ്. അമേരിക്കൻ ട്രഷറി മന്ത്രാലയ ബോണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ 16 ാം സ്ഥാനത്താണ് സൗദി അറേബ്യ.






