Sorry, you need to enable JavaScript to visit this website.

ഒരു റിയാൽ കറൻസി ഇന്നു മുതൽ പിൻവലിക്കും 

റിയാദ് - ഇന്നു മുതൽ ഒരു റിയാൽ കറൻസി നോട്ടുകൾ പടിപടിയായി പിൻവലിക്കുമെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. പകരം നാണയങ്ങൾ പ്രചാരത്തിലുണ്ടാകും. നാണയങ്ങൾക്കൊപ്പം ഒരു റിയാൽ കറൻസി നോട്ടുകൾക്കും സാധുതയുണ്ടാകും. നിശ്ചിത സമയക്രമം അനുസരിച്ച് ഒരു റിയാൽ കറൻസി വിപണിയിൽ നിന്ന് പിൻവലിക്കാനാണ് പദ്ധതി.  
ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക മാനദണ്ഡങ്ങൾക്കും രൂപകൽപനക്കും അനുസൃതമായാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാലത്ത് നാണയങ്ങളുടെ ആറാമത് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. വലിപ്പക്കുറവുകളും മനോഹരമായ ആകൃതികളും നിറങ്ങളും പുതിയ പതിപ്പ് നാണയങ്ങളുടെ പ്രത്യേകതകളാണ്. ആറാം പതിപ്പിൽ ഒരു ഹലല, അഞ്ചു ഹലല, പത്തു ഹലല, ഇരുപത്തിയഞ്ചു ഹലല, അമ്പതു ഹലല, ഒരു റിയാൽ, രണ്ടു റിയാൽ നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. 
പുതിയ നാണയങ്ങളുടെ ക്രയവിക്രയം എളുപ്പമാക്കുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ സാമ ശാഖകളിൽ ഒരുക്കുകയും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാ, എണ്ണൽ യന്ത്രങ്ങൾ, നാണയ ഡെപ്പോസിറ്റ് മെഷീനുകൾ അടക്കമുള്ളവ ഏർപ്പെടുത്തി നാണയ ക്രയവിക്രയങ്ങൾക്ക് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് ബാങ്കുകളോടും ആവശ്യപ്പെട്ടിരുന്നു. നാണയങ്ങൾ ക്രയവിക്രയം ചെയ്യുന്നതിന് വിസമ്മതിക്കുന്നത് നിയമ ലംഘനമാണെന്നും ഇത്തരക്കാർക്ക് നിയമാനുസൃത ശിക്ഷകൾ ലഭിക്കുമെന്നും സാമ വ്യക്തമാക്കി. 
ഒരു റിയാൽ കറൻസി പ്രചാരത്തിലുള്ളത് നാണയങ്ങൾക്ക് പ്രചാരം ലഭിക്കാതിരിക്കുന്നതിനും നാണയങ്ങൾ നിരസിക്കപ്പെടുന്നതിനും കാരണമായി. ഇതുമൂലം നാണയങ്ങൾ ലഭ്യമാക്കുന്നതിന് വ്യാപാര സ്ഥാപന ഉടമകളും താൽപര്യം കാണിക്കാത്ത സാഹചര്യമുണ്ടായി. ബാക്കി വരുന്ന നാണയങ്ങൾക്കു പകരം മിഠായിയും ടിഷ്യു പേപ്പറും മിനറൽ വാട്ടറും അടക്കമുള്ള ഉൽപന്നങ്ങൾ നൽകുന്ന പ്രവണത പ്രത്യക്ഷപ്പെട്ടു. ഇത്തരം നിഷേധാത്മക പ്രവണതകൾ നാണയങ്ങൾ നിരാകരിക്കപ്പെടുന്നതിലേക്ക് നയിച്ചു. രാജ്യത്ത് ക്രയവിക്രയം ചെയ്യപ്പെടുന്ന കറൻസി നോട്ടുകളുടെ എണ്ണത്തിൽ 49 ശതമാനവും ഒരു റിയാൽ കറൻസിയാണ്. ആളുകൾ ദീർഘകാലം കൈവശം വെക്കുകയും ക്രയവിക്രയങ്ങൾ ചെയ്യുന്നതും മൂലം ഒരു റിയാൽ കറൻസിയുടെ ഗുണമേന്മാ നിലവാരം സൗദി അറേബ്യയുടെ സ്ഥാനത്തിനും പദവിക്കും യോജിക്കാത്ത നിലക്ക് മോശമാവുകയാണ്. 
നാണയങ്ങളുടെ ശരാശരി കാലാവധി ഇരുപതു മുതൽ ഇരുപത്തിയഞ്ചു വർഷം വരെയാണ്. എന്നാൽ കറൻസി നോട്ടുകളുടെ കാലാവധി ക്രയവിക്രയ സാഹചര്യങ്ങൾക്കനുസരിച്ച് പന്ത്രണ്ടു മുതൽ പതിനെട്ടു വരെ മാസം മാത്രമാണ്. നാണയങ്ങളുടെ പുനഃചംക്രമണം എളുപ്പമാണ്. കൂടാതെ കറൻസി നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യ ഭീഷണികളും കുറവാണ്. ആറാമത് പതിപ്പിൽ പെട്ട എല്ലാ വിഭാഗം നാണയങ്ങളും സാമ ശാഖകളിൽ യഥേഷ്ടം ലഭ്യമാണ്. ബാങ്കുകളിൽനിന്ന് എളുപ്പത്തിൽ നാണയങ്ങൾ ലഭിക്കാത്തപക്ഷം സാമക്കു കീഴിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന് പരാതികൾ നൽകണമെന്നും കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടു. 
 

Latest News