Sorry, you need to enable JavaScript to visit this website.

'മാമനോടൊന്നും തോന്നല്ലേ മക്കളെ' നിറഞ്ഞു കവിഞ്ഞ  ഗാലറിയുടെ ചിത്രവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി- ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരം കാണാന്‍ എത്തിയ ഹൈദരബാദിലെ നിറഞ്ഞ ഗാലറിയുടെ പങ്കുവച്ച്, കായികമന്ത്രി വി അബ്ദുറഹിമാനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍. 'ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം... മാമനോടൊന്നും തോന്നല്ലേ മക്കളെ' എന്ന അടിക്കുറിപ്പോടെയായിരുന്നു ഫേസ്ബുക് പോസ്റ്റ്.
കുറിപ്പിന് താഴെ നിരവധി രസകരമായ കമന്റുകളുമുണ്ട്. 'അവിടെ വെയില്‍ ഉണ്ടായിരുന്നില്ല... മുഴുവന്‍ തണലായിരുന്നു... അതു കൊണ്ട് ചൂട് കുറവായിരുന്നു...പിന്നെ ഇന്നത്തെ മാച്ച് 20 20 പോലുള്ള ഏകദിനം ആയിരുന്നല്ലോ...അതു അവിടുത്തുകാര്‍ മുന്‍കൂട്ടി കണ്ടു..... ഇതൊക്കെ മനസ്സിലാക്കാനുള്ള വകതിരിവ് വേണ്ടേ മിഷ്ടര്‍...', 'ഇല്ല ഇല്ല മരിച്ചിട്ടില്ല, ഏകദിന ക്രിക്കറ്റ് മത്സരം മരിച്ചിട്ടില്ല ജീവിക്കുന്നു ഇന്ത്യയിലെങ്ങും', 'ഏകദിനം ആയിട്ടും സ്റ്റേഡിയം ഹൗസ് ഫുള്‍ പോലെ കാണുന്നുണ്ടല്ലോ
ക്യാമറ ട്രിക് ആണെന്ന് തോന്നുന്നു', 'നിങ്ങള്‍ക് എന്തറിയാം മിഷ്ടര്‍,, അവിടെ ശബരിമല സീസണ്‍ അല്ല' എന്നിങ്ങനെ നീളുന്നു ആളുകളുടെ കമന്റുകള്‍.
രാഹുലിനെ കൂടാതെ കെഎസ് ശബരീനാഥനും മന്ത്രിയെ സാമൂഹികമാധ്യമത്തിലൂടെ വിമര്‍ശനവുമായി രംഗത്തെത്തി. മന്ത്രിയും സര്‍ക്കാരും കെസിഎയും കേരളത്തോട് മാപ്പു പറയണമെന്നതാണ് ശബരിനാഥന്റെ ആവശ്യം. ഇന്ത്യ- ന്യൂസിലന്‍ഡ് എകദിന ക്രിക്കറ്റ് മത്സരം ഹൈദരാബാദില്‍ നടക്കുകയാണ്. ഇന്ന് ഒരു പ്രവര്‍ത്തിദിവസമായിട്ടും സ്റ്റേഡിയം ഇരമ്പുകയാണ്. തിരുവനന്തപുരത്തെ മാച്ച് കുളമാക്കിയ മന്ത്രിയും സര്‍ക്കാരും കെസിഎയും കേരളത്തോട് മാപ്പ് പറയണമെന്ന് ശബരി കുറിച്ചു.
മന്ത്രിയുടെ വിവാദപ്രസ്താവനയാണ് കാര്യവട്ടത്ത് കളികാണാന്‍ ആളുകള്‍ കുറയാന്‍ കാരണമെന്നാണ് വിമര്‍ശനം. ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില വര്‍ധന ചൂണ്ടിക്കാട്ടിയപ്പോള്‍ പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ എല്‍ഡിഎഫ് നേതാക്കളടക്കം മന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു.


 

Latest News