Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധി സമര്‍ഥന്‍; 'പപ്പു'വെന്നു  വിളിക്കുന്നത് നിര്‍ഭാഗ്യകരം-രഘുറാം രാജന്‍

ന്യൂദല്‍ഹി-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്നു പരിഹസിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുല്‍ ഗാന്ധി സമര്‍ഥനായ വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ദാവോസില്‍ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ''രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട 'പപ്പു' പ്രതിഛായ നിര്‍ഭാഗ്യകരമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ദശാബ്ദത്തോളം അദ്ദേഹവുമായി പലതരത്തില്‍ ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. അപ്പോഴൊന്നും അദ്ദേഹം 'പപ്പു' ആണെന്നു തോന്നിയിട്ടില്ല. സമര്‍ഥനും ചെറുപ്പക്കാരനും ശ്രദ്ധാലുവുമായ വ്യക്തിയാണ് അദ്ദേഹം. രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഞാന്‍ പങ്കാളിയായത്, യാത്ര മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ പിന്തുണയ്ക്കുന്നതിനാലാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഞാന്‍ ചേരില്ല'രഘുറാം രാജന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, മന്‍മോഹന്‍ സിങ് നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിച്ചിട്ടുണ്ട് എന്നായിരുന്നു രഘുറാം രാജന്റെ മറുപടി. ഇന്ത്യയുടെ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റേതു കഠിനമായ ജോലിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''നിര്‍മല സീതാരാമന്റെ ജോലിയെ റാങ്ക് ചെയ്യാന്‍ ഞാനില്ല. അങ്ങനെ ചെയ്യുകയുമില്ല. അവര്‍ കഠിനമായ ജോലിയാണു ചെയ്യുന്നത്. രാജ്യത്തു മധ്യവര്‍ഗത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് ആശങ്കയുണ്ട്. അവരുടെ തൊഴിലുകള്‍ നഷ്ടമാകുന്നു. പക്ഷേ, വലിയ ബിസിനസുകള്‍ നന്നായി നടക്കുന്നുണ്ട്. കിട്ടാക്കടം ബാങ്കുകള്‍ എഴുതിത്തള്ളുകയും ചെയ്തു. കോവിഡ് മഹാമാരി മധ്യവര്‍ഗത്തിലെ താഴെത്തട്ടിലുള്ളവരെയാണു മോശമായി ബാധിച്ചത്.' രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

Latest News