ജിദ്ദ- വിശുദ്ധ റമദാനിൽ അറബികളുടെ ഇഫ്താർ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഫൂൽ വാങ്ങുന്നതിന് ഫൂൽ, തമ്മീസ് കടകൾക്കു മുന്നിൽ തടിച്ചുകൂടിയവർ തമ്മിലുണ്ടായ സംഘർഷങ്ങളിൽ നാലു ദിവസത്തിനിടെ ജിദ്ദയിൽ നിരവധി പേർക്ക് പരിക്ക്. വിശുദ്ധ റമദാനിലെ ആദ്യത്തെ നാലു ദിവസത്തിനിടെ ജിദ്ദയിൽ സംഘർഷങ്ങളിൽ ആകെ 80 പേർക്കാണ് പരിക്കേറ്റതെന്ന് ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂസൈദ് പറഞ്ഞു. നാലു ദിവസത്തിനിടെ ജിദ്ദയിൽ ആകെ 381 പേർക്കാണ് പരിക്കേറ്റത്.
എൺപതു പേർക്ക് ഫൂൽ കടകൾക്കു മുന്നിലും പ്രധാന സിഗ്നലുകളിലും ഉണ്ടായ സംഘർഷങ്ങളിലാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ഭൂരിഭാഗം പേർക്കും ഫൂൽ കടകൾക്കു മുന്നിലുണ്ടായ സംഘർഷങ്ങളിലാണ് പരിക്കേറ്റത്. ഫൂൽ, തമ്മീസ് കടകൾക്കു മുന്നിൽ സംഘർഷങ്ങളുണ്ടാക്കുന്നവരിൽ ഭൂരിഭാഗം പേരും പ്രമേഹ രോഗികളാണെന്നും അബ്ദുല്ല അബൂസൈദ് പറഞ്ഞു. വിശുദ്ധ മാസം പിറന്നതോടെ ഫൂൽ, തമ്മീസ് കടകൾക്കു മുന്നിലും പ്രധാന സിഗ്നലുകളിലും സംഘർഷങ്ങളും വാഗ്വാദങ്ങളും പതിവായി മാറിയിട്ടുണ്ട്. ഭൂരിഭാഗം സംഘർഷങ്ങളും മറ്റുള്ളവർ ഇടപെട്ട് രമ്യമായി പരിഹരിക്കുകയാണ് പതിവ്.






