ബംഗളൂരു- ഇന്ത്യയിൽ പ്രതിപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി കോൺഗ്രസിലെ ജി. പരമേശ്വരയും സ്ഥാനമേറ്റു. രാജ്യത്തെ ബി.ജെ.പി ഇതരമുഖ്യമന്ത്രിമാരിൽ ഭൂരിഭാഗവും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. വെള്ളിയാഴ്ച്ച സഭയിൽ ഭൂരിപക്ഷം തെളിയിച്ച ശേഷം മറ്റു മന്ത്രിമാർ സ്ഥാനമേൽക്കും. ദൈവത്തിന്റെ കന്നഡ നാടിന്റെയും നാമത്തിയിലായിരുന്നു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, യു.പി.എ ചെയർപേഴ്‌സൺ സോണിയ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എൻ.സി.പി നേതാവ് ശരദ് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവ് തുടങ്ങിയവർ ചടങ്ങിനെത്തി.






