Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

സർഗാലയയിൽ വിരിഞ്ഞത് ആഗോള കരകൗശല വൈദഗ്ധ്യം

ഇരിങ്ങൽ സർഗാലയയിലെ രാജ്യാന്തര കരകൗശല മേളയിലെ കാഴ്ചകൾ 

കോഴിക്കോട് ജില്ലയുടെ വടക്കുള്ള ഇരിങ്ങലിന്റേത് വീര ചരിത്രം. ധീരദേശാഭിമാനി കുഞ്ഞാലി മരക്കാർ പറങ്കിപ്പടയെ നേരിട്ടത് ഇവിടെ. ഇപ്പോഴാണെങ്കിൽ ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ് ഇരിങ്ങലിലെ സർഗാലയ. അടുത്തിടെ സംസ്ഥാന യുവജനോത്സവം കോഴിക്കോട്ട് അരങ്ങേറിയപ്പോൾ ഇരിങ്ങൽ സർഗാലയയിലേക്കും സഞ്ചാരികളുടെ പ്രവാഹമായിരുന്നു. സർഗാലയ രാജ്യാന്തര കല-കരകൗശല മേളയിൽ  
ലോകത്തിന്റെ നാനാകോണുകളിലെ നിസർഗ സൗന്ദര്യങ്ങൾ സമ്മേളിച്ചു.  ലോക സംസ്‌കാരങ്ങളുടെ വിസ്മയ ലോകമാണ് അനാവരണം ചെയ്യപ്പെട്ടത്.  കലയുടെയും കരവിരുതിന്റെയും വർണ, രൂപ, ശബ്ദ സൗകുമാര്യങ്ങളുടെ വസന്തോദ്യാനമായിരുന്നു സർഗാലയ രാജ്യാന്തര കല-കരകൗശലമേള. പത്താമത് സർഗാലയ അന്താരാഷ്ട്ര കല-കരകൗശല മേള കാണാൻ ആയിരങ്ങളാണെത്തിയത്.  കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും കരകൗശല വിദഗ്ധരുടെ കലാവൈഭവം പ്രകടമാക്കുന്നതായിരുന്നു കരകൗശല മേള. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച മേള കാണാനും സാധനങ്ങൾ വാങ്ങുന്നതിനുമായി നിരവധി പേരാണ് സർഗാലയയിലേക്ക് എത്തിയത്
26 സംസ്ഥാനങ്ങളിൽ നിന്നു 500 ൽപരം കരകൗശല വിദഗ്ധരും ബംഗ്ലാദേശ്, ജോർദാൻ, കിർഗിസ്ഥാൻ, നേപ്പാൾ, സിറിയ, താജിക്കിസ്ഥാൻ, തായ്‌ലാൻഡ്, മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാൻ, ലെബനോൻ തുടങ്ങി 10 ൽപരം രാജ്യങ്ങളിലെ കരകൗശല കലാകാരന്മാരാണ് മേളയിൽ പങ്കെടുത്തത്. ഉസ്ബെക്കിസ്ഥാൻ മേളയുടെ പാർട്ണർ രാജ്യമായിരുന്നു. മിനിസ്ട്രി ഓഫ് ടെക്‌സ്‌റ്റൈൽസ് ഡെവലപ്മെന്റ് കമ്മീഷണർ ഓഫ് ഹാൻഡിക്രാഫ്റ്റ്‌സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാർ, നബാർഡ് ക്രാഫ്റ്റ് പവിലിയൻ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന ഇന്റർനാഷണൽ ക്രാഫ്റ്റ് പവിലിയൻ, കേരള ഫുഡ് ഫെസ്റ്റ്, ഉസ്ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് റൈഡുകൾ, കലാപരിപാടികൾ, ബോട്ടിംഗ്, കളരി പവിലിയൻ, മെഡിക്കൽ എക്‌സിബിഷൻ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ പുരാവസ്തു തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരുന്നു. 


ഡിസംബർ 22 മുതൽ ജനുവരി 9 വരെ നടത്തിയ മേളയിലെ 236 സ്റ്റാളുകളിൽ  ലോകമെമ്പാടുമുള്ള കലയുടെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പാരമ്പര്യം വരച്ചുകാട്ടി.  വടകരയ്ക്കടുത്ത് ഇരിങ്ങലിൽ നടന്ന 19 ദിവസത്തെ ഉത്സവം ജോർദാൻ, മൗറീഷ്യസ്, ഉസ്‌ബെക്കിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ, നേപ്പാൾ, തജിക്കിസ്ഥാൻ, ലെബനോൻ, കിർഗിസ്ഥാൻ എന്നീ 14 രാജ്യങ്ങളിലും 26 സംസ്ഥാനങ്ങളിലുംനിന്നുള്ള 560 കരകൗശലകലാകാരന്മാരുടെ സൃഷ്ടികളുടെ മനോഹര ലോകം അനുഭവിക്കാനുള്ള അത്യപൂർവ അവസരമായി.  ഉസ്‌ബെക്കിസ്ഥാനായിരുന്നു ഇക്കുറി പങ്കാളിരാജ്യം. അവരുടെ രുചിക്കൂട്ടുകൾ മേളയിലെ ഭക്ഷ്യോത്സവത്തിന്  പുതുമ പകർന്നു. 
കരകൗശല കലാകാരന്മാരുടെയും സ്ഥാപനങ്ങളുടെയും പ്രദർശന ശാലകൾക്കൊപ്പം കരകൗശല വികസന കമ്മീഷണറേറ്റിന്റെ ക്രാഫ്റ്റ് ബസാറും ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിന്റെയും നബാർഡിന്റെയും പവിലിയനുകളും കളരി പവിലിയനും മെഡിക്കൽ എക്‌സിബിഷനും ഒക്കെയുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജാണ് രാജ്യാന്തര കല-കരകൗശലമേള സംഘടിപ്പിച്ചത്. സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് മേള  ഉദ്ഘാടനം ചെയ്തത്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News