പുഴകളിൽ നിന്നുള്ള മണൽ വാരൽ സർക്കാരിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചിരിക്കുകയാണ്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള പ്രത്യേക സംവിധാനത്തിന്റെ മേൽനോട്ടത്തിലാണ് എല്ലാ പുഴകളിൽ നിന്നും മണൽവാരൽ വീണ്ടും തുടങ്ങിയിരിക്കുന്നത്. വടക്കൻ ജില്ലകൾ ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും പുഴകളിൽ നിന്ന് നിയന്ത്രിതമായ തോതിൽ മണൽ എടുക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഏറെ പഠനങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, പലയിടത്തും പരിസ്ഥിതി സംഘടനകളുടെ എതിർപ്പുകൾക്ക് ഇത് ഇടയാക്കിയിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരം തുടങ്ങിയിട്ടുണ്ട്.
ഏതാണ്ട് ഒന്നര പതിറ്റാണ്ടുകൾക്ക് ശേഷമാണ് പുഴകളിൽ നിന്ന് മണൽ വാരൽ വീണ്ടും നടക്കുന്നത്. നാലു വർഷങ്ങൾക്ക് മുമ്പ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടുള്ളത്. പുഴകളിൽ മണൽ അമിതമായി അടിഞ്ഞു കൂടിയത് പ്രളയത്തിന്റെ കാരണങ്ങളിലൊന്നാണെന്നാണ് വിദഗ്ദധ സമിതി കണ്ടെത്തിയത്. ഇതേത്തുടർന്ന് ഒരോ പുഴകളെ കുറിച്ചും പഠനം നടത്തി, നിശ്ചിത അളവിൽ മണൽ നീക്കം ചെയ്ത് വിൽപന നടത്താനാണ് സർക്കാർ തീരുമാനം. ഇതനുസരിച്ച് ഒരോ പുഴകളിൽ നിന്നു നീക്കം ചെയ്യുന്ന മണലിന്റെ ഘനഅടി കണക്ക് നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്.
പുഴകളിലെ മണലാണ് പ്രളയത്തിന് കാരണമെന്ന വിദഗ്ധരുടെ കണ്ടെത്തലിനെ കുറിച്ച് രണ്ട് അഭിപ്രായം ഉയരുന്നുണ്ട്. ഒരു വിഭാഗം ഇതിനെ ശരിവെക്കുമ്പോൾ, പുഴമണൽ വെള്ളം ഭൂമിക്കടിയിലേക്ക് ഇറക്കിവിടുകയാണ് ചെയ്യുന്നതെന്നും ഒരിക്കലും പ്രളയത്തിന് അത് കാരണമാകില്ലെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. എതിർപ്പുകളുയരുന്നുണ്ടെങ്കിലും സർക്കാർ തീരുമാനപ്രകാരമുള്ള മണൽ വാരൽ പ്രക്രിയ സജീവമായി മൂന്നോട്ട് പോകുകയാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് പുഴയിലെ മണൽവാരൽ നിർത്തിവെക്കാനുണ്ടായ സാഹചര്യം ഈ സമയത്ത് ഓർക്കേണ്ടതുണ്ട്. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയന്ത്രിതമായ രീതിയിൽ മണൽ നീക്കം ചെയ്യുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. നിർമാണ ആവശ്യങ്ങൾക്കായി പഞ്ചായത്തുകൾ പാസുകൾ നൽകി ഓരോ മണൽ കടവുകളിൽ നിന്നും പരിമിതമായ അളവിലാണ് മണൽ എടുത്തിരുന്നത്. എന്നാൽ പിന്നീട് ഇത് നിയന്ത്രണങ്ങൾക്ക് അതീതമായി മാറുകയായിരുന്നു. മണൽ വാരൽ വലിയൊരു വ്യാപാരമായി മാറുകയും മണൽ മാഫിയ എന്നൊരു വർഗം തന്നെ ഉടലെടുക്കുകയും ചെയ്തു. പഞ്ചായത്തുകൾ നൽകുന്ന പാസുകളിൽ കൃത്രിമം കാട്ടി പുഴയിൽ നിന്ന് നിയന്ത്രണമേതുമില്ലാതെ മണൽ വാരിക്കൊണ്ടുപോയി. തമിഴ്‌നാട്ടിലേക്ക് ലോഡ് കണക്കിന് മണലാണ് ഓരോ ദിവസവും കടന്നു പോയത്. മണൽ വിറ്റ് പണക്കാരായ നിരവധി പേർ ഉണ്ടായി. പുഴയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഒട്ടും ഗൗനിക്കാതെ നടന്ന ഈ മണലൂറ്റ്, പുഴകളെ നശിപ്പിക്കാൻ കാരണമായി. പുഴകളുടെ അടിത്തട്ടിൽ നിന്ന് വരെ മണൽ പോയതോടെ ചെളി ബാക്കിയാകുകയും വലിയ മരങ്ങൾ വരെ വളരുകയും ചെയ്തു. ഇതോടെ പുഴ കാടായി മാറി. മണൽ ഇല്ലാതായതോടെ പുഴയിൽ വെള്ളം നിൽക്കാതെ കടലിലേക്ക് ഒഴുകിപ്പോയി. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതോടെ പുഴയോരങ്ങൾ വരെ വരൾച്ചയുടെ പിടിയിൽ അകപ്പെട്ടു.ഈ ഒരു അവസ്ഥക്ക് മാറ്റമുണ്ടായത് മണൽ വാരൽ പൂർണമായും നിർത്തിയതോടെയാണ്.
ഇപ്പോൾ വീണ്ടും മണലൂറ്റ് തുടങ്ങുമ്പോൾ പഴയ അപകടം പുഴകളെ തുറിച്ച് നോക്കുന്നുണ്ട്. നിയന്ത്രിതമായ അളവിൽ മണൽ വാരാനാണ് അനുമതിയെങ്കിലും അതിന്റെ മറവിൽ വൻതോതിൽ മണൽ വാരൽ നടക്കാനുള്ള സാധ്യത നിലനിൽക്കുന്നണ്ട്. മണൽ വിലയേറിയ വസ്തുവായതിനാൽ ഇതിനെ ചുറ്റിപ്പറ്റി വീണ്ടുമൊരു മാഫിയ സംഘം ഉടലെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സർക്കാർ നിയന്ത്രണത്തിൽ മണൽ വാരലും അതിന്റെ വിൽപനയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇടനിലക്കാരുടെ ഇടപെടൽ ഈ രംഗത്ത് അധികം വൈകാതെ തന്നെയുണ്ടാകാം. അത് അനിയന്ത്രിതമായ മണലെടുപ്പിലേക്കും പുഴയെ വീണ്ടും നശിപ്പിക്കുന്ന നിലയിലേക്കും വളരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വിദഗ്ധ സമിതി നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മണൽ വാരൽ നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഇല്ലെങ്കിൽ പുഴകൾ വീണ്ടും കാടുമൂടുകയും മരുഭൂമിയായി മാറുകയും ചെയ്യും.

പുതിയ മണൽ വാരൽ നീക്കവുമായി ബന്ധപ്പെട്ട് ഭരണപക്ഷ പാർട്ടികളുടേത് ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ സമര രംഗത്താണ്. ജെ.സി.ബി ഉപയോഗിച്ചാണ് പുഴകളിൽ നിന്ന് മണൽ വാരുന്നത്. പുഴയോരങ്ങളിലെ യാഡുകളിൽ മണൽ കൂട്ടിയിട്ട് വിൽപന നടത്തുകയാണ് ചെയ്യുന്നത്. പൂർണമായും യന്ത്രസംവിധാനങ്ങളോടെയാണ് ഈ നടപടികൾ മുന്നോട്ടു പോകുന്നത്. മുമ്പ് മണൽ തൊഴിലാളി യൂനിയനുകളിൽ അംഗങ്ങളായിരുന്നവർക്ക് മണൽ വാരൽ നിർത്തിയതോടെ ജോലി നഷ്ടപ്പെടുകയും ഇവരുടെ പുനരധിവാസം കാര്യക്ഷമമായി നടക്കാതിരുക്കുകയും ചെയ്ത ചരിത്രം ഇവിടെയുണ്ട്. പുതിയ മണൽ വാരൽ നയത്തോടെ വീണ്ടും ഈ തൊഴിൽ മേഖല തുറക്കപ്പെടുമ്പോൾ തൊഴിലാളികളെ പൂർണമായും ഒഴിവാക്കിയുള്ള നടപടികൾ നീതീകരിക്കാവുന്നതല്ല. യന്ത്രവൽക്കരണത്തിലൂടെ മണലെടുപ്പ് ഏജൻസിക്ക് കൂലി നിരക്കിൽ കൂടുതൽ ലാഭമുണ്ടായേക്കാം. എന്നാൽ മണൽ വില കുറയുന്നതിന് അത് കാരണമാകുന്നില്ല. തൊഴിലാളികൾക്ക് ജോലി നൽകാതിരിക്കുകയും മണൽ വില കുറക്കാതിരിക്കുകയും ചെയ്യുന്നത് അമിത ലാഭത്തിന് മാത്രമേ വഴിവെക്കൂ. മണൽ വാരലിലൂടെ പണം കൊയ്യാനുള്ള അവസരമായി ഇതിനെ കാണാതെ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും പുഴകളുടെ പാരിസ്ഥിതിക സുരക്ഷയും ഉറപ്പാക്കിയുള്ള നടപടികളാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്.






