കേരള ഭക്ഷ്യോൽപന്നങ്ങൾക്ക് ഓസ്‌ട്രേലിയയിൽ കൂടുതൽ സാധ്യത

ഇന്ത്യ ഓസ്‌ട്രേലിയ സാമ്പത്തിക, വ്യാപാര കരാർ സംബന്ധിച്ച് ഫിക്കി സംഘടിപ്പിച്ച സെമിനാർ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സാറ കിർലിയു ഉദ്ഘാടനം ചെയ്യുന്നു.
  • ഓസ്‌ട്രേലിയൻ പ്രതിനിധി സംഘം കേരളത്തിൽ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര, സാമ്പത്തിക സഹകരണ കരാർ നിലവിൽ വന്നതോടെ കേരളത്തിലെ ഭക്ഷ്യോൽപന്ന മേഖലക്ക് ഓസ്‌ട്രേലിയയിൽ കൂടുതൽ സാധ്യത തുറക്കും. കേരളത്തിലെ ലഘു ഇടത്തരം ചെറുകിട സംരംഭകരുമായി കൂടുതൽ സഹകരിക്കാമെന്ന് ഓസ്‌ട്രേലിയൻ പ്രതിനിധി സംഘം ഉറപ്പ് നൽകി. കേരളത്തിൽ നിന്നുള്ള ജെം ആന്റ് ജ്വല്ലറി, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ഫർണിച്ചർ, ഭക്ഷണം, കാർഷിക ഉൽപന്നങ്ങൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ, മെഡിക്കൽ തുടങ്ങിയ മേഖലകൾക്കും ഉൽപാദകർക്കും ഉപഭോക്താക്കൾക്കും കരാർ ഗുണം ചെയ്യുമെന്ന് ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സാറ കിർലിയു പറഞ്ഞു. 

കഴിഞ്ഞ ഡിസംബർ 29 മുതൽ പ്രാബല്യത്തിൽ വന്ന ഐ.എ.ഇ.സി.ടി എ കരാർ സംബന്ധിച്ച് കേരളത്തിലെ സാധ്യതകൾ ചർച്ച ചെയ്യാൻ എത്തിയ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സാറ കിർലിയു, മുൻ കാബിനറ്റ് മന്ത്രിയും ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ മേധാവിയുമായ ജോഡി മെക്കെ, എ.ഐ.ബി.സി നാഷണൽ അസോസിയേറ്റ് ചെയർ ഇർഫാൻ മാലിക് എന്നിവരുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ സംഘം കൊച്ചിയിൽ വാണിജ്യ, വ്യവസായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. കരാർ നിലവിൽ വന്നതോടെ 27 ബില്യൺ ഡോളറിന്റെ നിലവിലെ വ്യാപാരത്തിൽ നിന്ന് അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 4550 ബില്യൺ ഡോളറായി വർധിപ്പിക്കുമെന്നും 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഓസ്‌ട്രേലിയൻ സംഘം പറഞ്ഞു.
ഫിക്കിയുടെ നേതൃത്വത്തിൽ ജെ.ഡി.ജി.എഫ്.ടി, ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിൽ, ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ ഓഫീസ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ബിബിൻ മേനോൻ, ജോയന്റ് ഡയറക്ടർ ഓഫ് ഫോറിൻ ട്രേഡ് ഹരിലാൽ, അലക്‌സ് കെ. നൈനാൻ, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ പങ്കെടുത്തു.


കയറ്റുമതി മേഖലയിൽ ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെ വാണിജ്യ ഇടപാടുകൾ നടത്താൻ കരാർ സഹായിക്കുമെന്ന് വേണു രാജാമണി പറഞ്ഞു. വാണിജ്യ മേഖലക്ക് മാത്രമല്ല സാധാരണക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന കരാറാണിതെന്നും കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇത് ഏറെ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഇന്ത്യൻ വ്യവസായങ്ങൾക്ക് പ്രധാന അസംസ്‌കൃത വസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുമെന്നും ഓസ്‌ട്രേലിയൻ പ്രതിനിധി സംഘം ഉറപ്പ് നൽകി. കയറ്റുമതി മേഖലയിൽ ഇന്ത്യൻ വിപണിക്ക്  കൂടുതൽ പരിഗണന ലഭിക്കും. കരാർ ഇന്ത്യൻ എം.എസ്.എം.ഇക്ക് വലിയ അവസരങ്ങൾ തുറക്കുമെന്ന് ബിബിൻ മേനോൻ പറഞ്ഞു. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള സയൻസ്, ടെക്‌നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് ബിരുദധാരികൾക്ക് രണ്ട് മുതൽ മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന പോസ്റ്റ്സ്റ്റഡി വർക്ക് വിസ അനുവദിക്കും. ഓസ്‌ട്രേലിയയിൽ വർക്കിങ് ഹോളിഡേ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന യുവ ഇന്ത്യക്കാർക്ക് വിസ അനുവദിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും ഓസ്‌ട്രേലിയ ഉടൻ സജ്ജമാക്കുമെന്ന് ജോഡി മകെയ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News