ഓഹരി വിപണി നിയന്ത്രണം ആഭ്യന്തര ഫണ്ടുകാരുടെ കൈയിൽ

ആഭ്യന്തര ഫണ്ടുകൾ പണം വരിയെറിഞ്ഞ് ഓഹരി വിപണി നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കി. പതിനായിരം കോടിയിൽ അധികം രൂപയുടെ നിക്ഷേപത്തിന് അവർ തയാറായത് നടപ്പുവർഷത്തിലെ ആദ്യ പ്രതിവാര നേട്ടത്തിലേക്ക് മുൻനിര ഓഹരി സൂചികകളെ കൈ പിടിച്ച് ഉയർത്തി. ബോംബെ സെൻസെക്‌സ് 360 പോയന്റും നിഫ്റ്റി 97 പോയന്റും വർധിച്ചു. കോർപറേറ്റ് മേഖലയിൽ നിന്നുള്ള മികച്ച ത്രൈമാസ പ്രവർത്തന ഫലങ്ങളും വിപണി നേട്ടമാക്കി. 
ഐടി കമ്പനികളായ ടി സി എസ്, വിപ്രോ, ഇൻഫോസീസ് ടെക്‌നോളജി, എച്ച് സി എൽ തുടങ്ങിയവയിൽ നിന്നുള്ള മികച്ച റിപ്പോർട്ടുകൾ നിക്ഷേപകരെ ആകർഷിച്ചു. പ്രദേശിക ഓപറേറ്റർമാരും ആഭ്യന്തര ഫണ്ടുകളും ടെക്‌നോളജി, സ്റ്റീൽ ഓഹരികളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. ആഭ്യന്തര ഫണ്ടുകൾ പുതുവർഷം പിറന്ന ശേഷം ഒരു ദിവസം ഒഴികെ മറ്റു ദിവസങ്ങളിലും പുതിയ ബയ്യിങിന് അവർ മത്സരിച്ചു. ഇതിനകം അവർ 12,994 കോടി രൂപ നിക്ഷേപിച്ചു. പിന്നിട്ട വാരം അവർ 10,043 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര ഫണ്ടുകളുടെ താൽപര്യം തുടർന്നാൽ വൻ മുന്നേറ്റം പ്രതീക്ഷിക്കാം. അതേ സമയം വിദേശ ഓപറേറ്റർമാർ വിൽപനയിൽ തുടരുന്നു. മൊത്തം 9632 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞ വാരം വിറ്റു. ജനുവരിയിൽ ഇതിനകം അവർ പിൻവലിച്ചത് 17,445 കോടി രൂപയാണ്. 


ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 7.67 ശതമാനം ഉയർന്ന് 411 രൂപയായി. ഇൻഫോസീസ്, വിപ്രോ, ടി സി എസ്, എച്ച് സി എൽ, ടെക് മഹീന്ദ്ര, എൽ ആന്റ് ടി, സൺ ഫാർമ, എച്ച് യു എൽ, മാരുതി, ടാറ്റാ സ്റ്റീൽ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ഐ ടി സി, ആർ ഐ എൽ, എയർ ടെൽ ഓഹരികൾക്ക് തളർച്ച. 
ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 81.71 ൽ നിന്നും 81.34 ലേക്ക് മികവ് കാണിച്ചു. സാങ്കേതികമായി വീക്ഷിച്ചാൽ രൂപ കൂടുതൽ കരുത്തിന് ശ്രമിച്ചാൽ 80.99 ലേയ്ക്ക് നീങ്ങാം. വിപണിയിൽ ദുർബലാവസ്ഥ ഉടലെടുത്താൽ രൂപയുടെ മൂല്യം 81.86 ലേയ്ക്ക് നീങ്ങും.


ബോംബെ സൂചിക 59,900 പോയന്റിൽ നിന്നും ആദ്യ പ്രതിരോധമായ 60,906 നെ മറികടന്ന് 60,938 വരെ കയറി. ഇതിനിടയിൽ വിദേശ ഓപറേറ്റർമാരിൽ നിന്നുള്ള വിൽപന സമ്മർദത്തിൽ 60,000 ലെ താങ്ങ് തകർത്ത് 59,628 ലേയ്ക്ക് ഇടിഞ്ഞങ്കിലും വാരമധ്യം സെൻസെക്‌സ് 60,261 ലാണ്. നിലവിലെ ബുള്ളിഷ് മനോഭാവം വിലയിരുത്തിയാൽ 59,613 ലെ താങ്ങ് നിലനിർത്തി 60,923-61,585 റേഞ്ചിലേക്കും ഉയരാം. വിപണിയുടെ താങ്ങ് 58,965 പോയന്റിലാണ്. മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെന്റ്, പി എസ് എ ആർ എന്നിവ വിൽപനക്കാർക്ക് അനുകൂലമാണ്. 
നിഫ്റ്റി സൂചിക 17,859 ൽ നിന്നും 18,140 ലെ പ്രതിരോധം ഒരു പോയന്റ് വ്യത്യാസത്തിൽ തകർത്ത് 18,141 വരെ കയറി. ഇതിനിടയിൽ വിൽപന സമ്മർദം വിദേശ ഓപറേറ്റർമാരിൽ നിന്നും കനത്തതോടെ സൂചിക 17,774 ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിങിൽ 17,956 പോയന്റിലാണ്. ഈ വാരം നിഫ്റ്റി 18,140 നെ മറികടന്നാൽ 18,324 വരെ ഉയരാം, സൂചികയുടെ സപ്പോർട്ട് 17,773 പോയന്റിലാണ്.
ടാറ്റാ മോട്ടോഴ്‌സ് മികച്ച മുന്നേറ്റം പോയ വാരം കാഴ്ചവെച്ചു, ഓഹരി വില ഏഴ് ശതമാനത്തിൽ അധികം ഉയർന്ന് 411 രൂപയായി. ഇൻഫോസീസ്, വിപ്രോ, ടി സി എസ്, എച്ച് സി എൽ, ടെക് മഹീന്ദ്ര, എൽ ആന്റ് ടി, സൺ ഫാർമ്മ, എച്ച് യു എൽ, മാരുതി, ടാറ്റാ സ്റ്റീൽ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയവയുടെ നിരക്ക് ഉയർന്നു.
ഇൻഫോസീസ് ഡിസംബറിൽ 31 ന് അവസാനിച്ച മൂന്ന് മാസത്തിൽ പ്രതീക്ഷിച്ചതിലും തിളക്കമാർന്ന പ്രകടനം നടത്തി. അറ്റാദായത്തിൽ 13.4 ശതമാനം വർധന കൈവരിച്ചു. മൂന്നാം പാദത്തിൽ എച്ച് സി എൽ ടെക് അറ്റ വരുമാനത്തിൽ 19 ശതമാനം വർധിച്ച് 4096 കോടി രൂപയായി. ടാറ്റ കൺസൾട്ടൻസി ലിമിറ്റഡ് മൂന്ന് മാസകാലയളവിൽ 9959 കോടി രൂപയുടെ ലാഭം.  ഡോളർ സൂചികയിലെ തളർച്ച ഫണ്ടുകൾ സ്വർണത്തിൽ വാങ്ങലുകാരാക്കി. ട്രോയ് ഔൺസിന് 1865 ഡോളറിൽ നിന്നും 59 ഡോളർ ഉയർന്ന് 1924 ലേക്ക് അടുത്ത ശേഷം വാരാന്ത്യം 1920 ഡോളറിലാണ്. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News