ടയര്‍ പഞ്ചറൊട്ടിക്കുന്നിടത്ത് മൊട്ടിട്ട പ്രണയം,  ജിസെന്‍ കോടീശ്വരിയായ ആയിഷക്ക് സ്വന്തം 

കറാച്ചി-കോടീശ്വരിയായ യുവതി സാധാരണക്കാരനായ തെരുവില്‍ പണിയെടുക്കുന്നയാളില്‍ പ്രണയം കണ്ടെത്തി. പാക്കിസ്ഥാനിയായ ആയിഷ എന്ന യുവതി. തന്റെ കാറിന്റെ ടയര്‍ പഞ്ചറായപ്പോള്‍ സഹായിച്ച ജിസെന്‍ എന്ന ടയര്‍ ടെക്‌നീഷ്യനെയാണ് യുവതി പ്രണയിച്ചത്. പ്രമുഖ യൂട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഹൃദയസ്പര്‍ശിയായ പ്രണയകഥ പുറംലോകത്തെ അറിയിച്ചത്. ആയിഷയും ജിസെനും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.
വീഡിയോയുടെ തുടക്കത്തില്‍ പ്രണയിനികളെ കുറിച്ച് സയ്യിദ് ചെറിയ വിവരണം നല്‍കുന്നുണ്ട്. ഇതില്‍ നിന്നുമാണ് ആയിഷ എത്രത്തോളം ജിസെനെ സ്നേഹിക്കുന്നു എന്ന് മനസിലാക്കാനാവുന്നത്. ഒരു യാത്രയ്ക്കിടെ തന്റെ കാറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് ആയിഷ ജിസെനെ ആദ്യമായി കാണുന്നത്. മറ്റ് ടയര്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് ശരിയാക്കാന്‍ കഴിയാതിരുന്ന ടയറിന്റെ പഞ്ചര്‍ ജിസെന്റെ കടയില്‍ ശരിയാക്കിയതോടെയായിരുന്നു ഇത്. എന്നാല്‍ ടയര്‍ ശരിയാക്കുന്നതിനിടയില്‍ ജിസെന്‍ തനിക്ക് നല്‍കിയ കരുതലും ശ്രദ്ധയുമാണ് ആയിഷയെ ആകര്‍ഷിച്ചത്. തന്റെ തൊഴിലാളികളോട് എളുപ്പം പഞ്ചര്‍ മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ട ജിസെന്‍, ആയിഷയ്ക്കായി ചായ വരുത്തി നല്‍കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം ആയിഷയ്ക്ക് ജിസെനെ വീണ്ടും വീണ്ടും കാണണമെന്ന് ആഗ്രഹം തോന്നി, അപ്പോഴൊക്കെ യുവതി കാറിന്റെ ടയര്‍ കുത്തി സ്വയം പഞ്ചറാക്കി അതിനുള്ള അവസരം ഉണ്ടാക്കി. ഇടയ്ക്കിടയ്ക്ക് കൂടിക്കാഴ്ച ഒരുങ്ങിയതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. ഒടുവില്‍ വിവാഹ നിശ്ചയത്തോടെ ആയിഷയുടെ ആഗ്രഹം പൂവണിയുകയാണ്.

Latest News