ന്യൂദല്‍ഹി- നിര്‍ണായക തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം നാളെ മുതല്‍ ദല്‍ഹിയില്‍ ആരംഭിക്കും. കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള സംസ്ഥാന അധ്യക്ഷന്മാരുടെയും ദേശീയ അധ്യക്ഷന്റെയും കാലാവധി നീട്ടാന്‍ യോഗത്തില്‍ തീരുമാനമെടുക്കും. രാജ്യത്തെ മധ്യവര്‍ഗത്തിനിടയില്‍ അസംതൃപ്തിയുണ്ടെന്ന ആര്‍.എസ്.എസ് ആശങ്കയും ചര്‍ച്ചയാകും.
ത്രിപുരയും കര്‍ണാടകയും മധ്യപ്രദേശും അടക്കം 9 നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പ്, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്, നിര്‍ണായക ജനവിധിക്കായുള്ള തന്ത്രങ്ങള്‍ രണ്ടു ദിവസത്തെ യോഗം ആവിഷ്‌കരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര മന്ത്രിമാരും അടക്കം 350 ഓളം അംഗങ്ങള്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികളുടെ യോഗം ആദ്യം ചേരും. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയും കെ. സുരേന്ദ്രന്‍ അടക്കം സംസ്ഥാന അധ്യക്ഷന്മാരും സംഘടനാ ചുമതലയുള്ള മുതിര്‍ന്ന നേതാക്കളും ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ തുടരട്ടെ എന്ന് ധാരണയായിട്ടുണ്ട്.
സാമ്പത്തികം, രാഷ്ട്രീയം, പാവപ്പെട്ടവരുടെ ക്ഷേമം, ഇന്ത്യയുടെ ജി20 അധ്യക്ഷ പദവി എന്നിവയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ പാസാക്കും. ഗുജറാത്തിലെ വന്‍ വിജയവും ഹിമാചലിലെ പരാജയവും മുന്‍നിര്‍ത്തി ചര്‍ച്ച നടക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ താഴേത്തട്ടില്‍ എത്തുന്നത് അവലോകനം ചെയ്യും. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്ക് സംസ്ഥാന ഘടകങ്ങള്‍ പ്രചാരണം നല്‍കിയത് വിലയിരുത്തും. തിരുവനന്തപുരം അടക്കം പ്രത്യേക ശ്രദ്ധ നല്‍കേണ്ട 160 ലോക്‌സഭാ മണ്ഡലങ്ങളിലെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. നിര്‍വാഹക സമിതി യോഗത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.






